ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികതാവളത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് മഹിന്ദ രാജപക്സെ തിങ്കളാഴ്ചയാണ് രാജിവച്ചത്. മഹിന്ദയുടെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാപം കത്തിപ്പടർന്നു. ഭരണകക്ഷി എംപി ഉൾപ്പെടെ മൂന്നു പേർ കലാപങ്ങളിൽ കൊല്ലപ്പെട്ടു.
രാജപക്സെയുടെ കൊളംബോയിലുള്ള സ്വകാര്യ വസതി പ്രതിഷേധക്കാർ കത്തിച്ചു. മുൻ മന്ത്രിമാരായ ജോൺസ്റ്റൺ ഫെർണാണ്ടോ, നിമൽ ലിൻസ, ഭരണകക്ഷി ട്രേഡ് യൂണിൻ നേതാവ് മഹിന്ദ കഹാൻദഗമഗെ എന്നിവരുടെ വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. മേയർ സമൻ ലാൽ ഫെർണാണ്ടോയുടെ വീട് കത്തിച്ചു. പ്രക്ഷോഭകർക്കുനേരേയുണ്ടായ പോലീസ് വെടിവയ്പിൽ നിരവധി പേർക്കു പരിക്കേറ്റു. ബസുകൾക്കു നേരെ ആക്രമണമുണ്ടായി.
പ്രസിഡന്റ് ഗോത്താബയ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നാണു പ്രതിഷേധക്കാർ പറയുന്നത്. ഏപ്രിൽ ഒന്‍പതു മുതൽ ജനങ്ങൾ ഗോത്താബയയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. സർവകക്ഷി ഇടക്കാല സർക്കാർ രൂപവത്കരിക്കാനാണു താൻ രാജിവച്ചതെന്നു രാജപക്സെ, പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. ഇടക്കാല സർക്കാരിൽ പങ്കാളിയാകാൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും പ്രസിഡന്റ് ഗോത്താബയ ക്ഷണിച്ചു.