മഴ, തൃശൂർ പൂരം രാത്രി എഴുന്നെള്ളിപ്പുകൾ താളം തെറ്റി. വെടിക്കെട്ട് മാറ്റിവെച്ചു, തിരക്കിൽപ്പെട്ട് നിരവധിയാളുകൾക്ക് പരിക്ക്; കുടമാറ്റത്തിരക്കിനിടയിൽപ്പെട്ട് ഒരാൾ മരിച്ചു
മഴ ശക്തമായതോടെ തൃശൂർ പൂരത്തിൽ ഘടകപൂരങ്ങളുടെ രാത്രി എഴുന്നെള്ളിപ്പ് താളം തെറ്റി. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനിയില്ല. നേരത്തെയെത്തി മടങ്ങുന്ന കണിമംഗലത്തിന് മാത്രമാണ് മേളം പൂർത്തിയാക്കാനായത്. എങ്കിലും ഇടവിട്ട് പെയ്ത മഴ എഴുന്നെള്ളിപ്പിനെ ബാധിച്ചിരുന്നു. പകൽ പൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിൻ്റെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. തുടർന്ന് വലംതലകൊട്ടി വടക്കംനാഥനെ പ്രദക്ഷിണം വച്ച് മടങ്ങി. മറ്റ് ഘടക പൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞു. ഇതോടെ പുലർച്ചെ നടത്തേണ്ട വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. കുഴികൾ മൂടിയിട്ടിട്ടുണ്ടെങ്കിലും ഭൂമി നനഞ്ഞതും തോരാത്ത മഴയും പുലർച്ചെ വെടിക്കെട്ട് ദേവസ്വങ്ങൾ ഉപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് നടത്താനായി ദേവസ്വങ്ങൾ തീരുമാനിച്ചുവെങ്കിലും ജില്ലാ ഭരണകൂടവും പൊലീസുമായും ചർച്ച ചെയ്ത് സമയത്തിൽ വ്യക്തത വരുത്തും.
പൂരത്തിൻ്റെ ഏറ്റവും വലിയ ആകർഷണമായ, വർണ വിസ്മയങ്ങൾ തീർത്ത കുടമാറ്റം നടന്നു. കുടമാറ്റത്തിൻ്റെ അവസാനം ശക്തമായ മഴ പെയ്തിട്ടും ആവേശം തളർത്താനായില്ല. ഇതിനിടെ പൂരത്തിരക്കിനിടയിൽപ്പെട്ട് വയോധികൻ മരിച്ചു. ചെറായി തൈവളപ്പിൽ വീട്ടിൽ സലീം (62) ആണ് മരിച്ചത്. കുടമാറ്റത്തിന് ശേഷം രാത്രിയിൽ തേക്കിൻകാട് മൈതാനിയിൽ കണ്ടെത്തിയ ഇയാളെ സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. പൊലീസെത്തി ദേഹ പരിശോധന നടത്തിയതിൽ ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമുള്ള വിലാസത്തിൽ ബന്ധപ്പെട്ട് ആളെ സ്ഥിരീകരിച്ചു. പൂരം കാണാനെത്തിയതായിരുന്നു സലീം. പൂരത്തിന് വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലുംപെട്ട് നിരവധിയാളുകൾക്കാണ് പരിക്കേറ്റത്. നിരവധി പേരെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിരവധിയാളുകൾ തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയ ആരോഗ്യവകുപ്പിന്‍റെ വിവിധ കൗണ്ടറുകളിൽ ചികിത്സ തേടിയെത്തി. തിരക്കിൽ പെട്ട് കൈ കാലുകൾ ഒടിഞ്ഞവരും കൂട്ടത്തിലുണ്ട്. തേക്കിൻകാട് മൈതാനിയിലെ കൺട്രോൾ റൂമിനോട് ചേർന്ന ആരോഗ്യ വകുപ്പിന്‍റെ മുഖ്യകൗണ്ടറിൽ രാത്രി എട്ടോടെ തന്നെ ചികിത്സ തേടി നൂറിലേറെ പേരെത്തി. ആളുകളുടെ തിരക്കിൽ പൊലീസ് ബാരിക്കേടുകൾ തകർന്നും മറ്റും വീണവരുടെ കാലുകളാണ് പൊട്ടിയത്. ഇതോടൊപ്പം നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയ എ.ആർ ക്യാമ്പിലെ എസ്.ഐയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ആരോഗ്യ വകുപ്പിന്‍റെയും ആക്ട്സിൻ്റെയും ആംബുലൻസുകൾ പൂരനഗരിയിലുണ്ട്.