തൃശൂര്‍: പൂരത്തിന് പാറമേക്കാവ് ദേവസ്വം കുടമാറ്റത്തിനുളള കുടയില്‍ വിഡി സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനവുമായി എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ അശോകന്‍ ചരുവില്‍. അവരുടെ നവോത്ഥാന നായകരില്‍ ശ്രീനാരായണ ഗുരു ഇല്ലെന്ന് അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തി. വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കുട വിവാദത്തെ തുടര്‍ന്ന് പാറമേക്കാവ് ദേവസ്വം ഒഴിവാക്കിയിരുന്നു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയാണ് കുട പുറത്തിറക്കിയത്.
അശോകൻ ചരുവിലിന്റെ കുറിപ്പ്
അവരുടെ നവോത്ഥാന നായകരിൽ ശ്രീനാരായണഗുരു ഇല്ല.ഒറ്റുകാരന് അകമ്പടിയായി ചില നവോത്ഥാന / ദേശീയ നായകരുടെ ചിത്രങ്ങൾ കൂടി ആലേഖനം ചെയ്തിരുന്നു. കേരളീയരായ ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ഗാന്ധിഘാതകന് അകമ്പടി പോകാനുള്ള അവസരം കൽപ്പിച്ചു നൽകിയിട്ടുണ്ട്.എന്നാൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറപ്പനും അക്കൂട്ടത്തിലില്ല എന്നത് സ്മരണീയമാണ്.
കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഗുരുവിൻ്റെ ചിത്രം ഉൾപ്പട്ട നിശ്ചലദൃശ്യം ഒഴിവാക്കിയത് ഇതിനോട് ചേർത്ത് വായിക്കാം. ആർ.എസ്.എസ്. പ്രതിനിധീകരിക്കുന്ന രാഷ്ട്രീയഹിന്ദുത്വം ജാതി, ജന്മി, പുരുഷ, നാടുവാഴിത്തത്തിൻ്റെ ജീർണ്ണാവശിഷ്ടമാണ് എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല.
ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും മഹാത്മജി വധക്കേസിൽ പ്രതിയാവുകയും ചെയ്ത ഒരാളുടെ ചിത്രം പൂരത്തിൻ്റെ കുടപ്പുറത്ത് എഴുന്നള്ളിക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിച്ച തൃശൂരിൻ്റെ മതേതര മനസ്സാക്ഷിക്ക് അഭിവാദ്യങ്ങൾ.