ഒരു നാട് മുഴുവൻ ഇപ്പോഴം ആ ഞെട്ടലിൽ നിന്നും മോചനം നേടിയിട്ടില്ല. പാണ്ടിക്കാട്ട്- പെരുന്തൽമണ്ണ റോഡിലെ കൊണ്ടിപ്പറമ്പിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു ആ ദുരന്തം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് വെന്തുമരിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ 11 വയസുകാരി ഫാത്തിമ സഫ എന്നിവരാണ് കത്തിച്ചാമ്പലായത് നിസ്സഹായരായി നോക്കി നിൽക്കെണ്ടി വന്നു നാട്ടുകാർക്കും ബന്ധുക്കൾക്കും. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകൾ ഷിഫാന ആശുപത്രിയിലാണ് ഇപ്പോഴും.
ഭാര്യയേയും മകളേയും ഓട്ടോയിലിട്ട് തീകൊളുത്തിയ ശേഷം ഭർത്താവ് സ്വയം തീ കൊളുത്തി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാണ്ടിക്കാട് ജാസ്മിൻ്റെ തറവാട് വീട്ടിന് സമീപത്ത് വച്ചാണ് സംഭവം.
മുഹമ്മദ് കുറച്ചു കാലമായി കാസർകോടാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെത്തിയ മുഹമ്മദ് ഭാര്യയേയും മക്കളേയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്സ് വാനിലെ കാബിനിലേയ്ക്ക് ഫോൺ ചെയ്തു വിളിച്ച് വരുത്തിയത് മിഠായി കൊടുക്കാനെന്ന് പറഞ്ഞാണ്. പക്ഷെ അത് തങ്ങളെത്തന്നെ ഇല്ലാതാക്കാനാണെന്ന് അവർക്ക് അറിയില്ലായിരുന്നു. മൂവരും സന്തോഷത്തോടെ ഓടി എത്തി. വീട്ടിൽനിന്ന് മുപ്പതുമീറ്ററോളം മാറിയുള്ള റബ്ബർ തോട്ടത്തിലാണ് വാഹനം നിർത്തിയിരുന്നത്.
മറ്റൊരു പെൺകുട്ടിയും ഈദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ആ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല.
മുഹമ്മദും ഭാര്യ ജാസ്മിനും തമ്മിൽ ഇവിടെ വച്ച് വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും മക്കളായ ഫാത്തിമ സഫ, ഷിഫാന എന്നിവരെയും വണ്ടിയിൽ കയറ്റി ഇയാൾലോക്ക് ചെയ്തു. വാഹനത്തിൽ കയറിയശേഷം മുഹമ്മദ് തീയിടാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ജാസ്മിൻ പ്രാണരക്ഷാർഥം സഹോദരിയെ ഫോണിൽ വിളിച്ചു. ഓടിയെത്തിയ അവർ കണ്ടത് വാഹനം അഗ്നിക്കിരയാവുന്നതാണ്.
ഇതേസമയം സ്വയം തീകൊളുത്തിയ മുഹമ്മദ് വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇളയ മകൾ ഷിഫാന തീപിടിച്ചനിലയിൽ ആ വഴിയിലൂടെ പുറത്തേക്ക് ചാടി. ഓടിയെത്തിയ മാതൃസഹോദരിയും ബന്ധുക്കളും ചേർന്ന് നിലത്ത് ഉരുട്ടിയും മറ്റുമാണ് കുട്ടിയുടെ ദേഹത്തെ തീയണച്ചത്. ജാസ്മിനും ഫാത്തിമ സഫയും അപ്പോൾ തീനാളത്തിൽ എരിഞ്ഞടങ്ങുകയായിരുന്നു.
വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും വീണ്ടും വാഹനത്തിൽ നിന്നും സ്ഫോടനം ഉണ്ടായി. ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയായി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം നാല്പതു മിനിറ്റോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി.
ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ ജാസ്മിനും മകൾ ഫാത്തിമ സഫക്കും നാട് കണ്ണീരോടെ യാത്രാമൊഴിചൊല്ലി.
കീഴാറ്റൂർ കൊണ്ടിപറമ്പ് പലയക്കോടൻ അബൂബക്കറിന്‍റെ മകൾ ജാസ്മിൻ (37), മകൾ ഫാത്തിമ സഫ (11) എന്നിവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കൂടെപ്പിറപ്പുകൾക്കും നാട്ടുകാർക്കും ഒരുനോക്ക് കാണാനാകാതെയാണ് ഇവരുടെ മടക്കം. കത്തിക്കരിഞ്ഞതിനാൽ ആർക്കും കാണിച്ച് കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച ഖബറടക്കി.
ഉച്ചയോടെയാണ് കീഴാറ്റൂർ കൊണ്ടിപറമ്പ് ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്. ബന്ധുക്കളും കുടുംബങ്ങളും നാട്ടുകാരും മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ഖബറടക്കി. കൂടിനിന്നവരിൽ കണ്ണീരും വേദനയും പടർത്തിയായിരുന്നു അന്ത്യചടങ്ങുകൾ.
ജാസ്മിന്‍റെ ഭർത്താവ് തെച്ചിയോടൻ മുഹമ്മദിന്‍റെ (52) മൃതദേഹം മാമ്പുഴ താണിക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അന്വേഷണം തുടങ്ങി
കീഴാറ്റൂരിൽ ഗുഡ്സ് ഓട്ടോക്ക് തീകൊളുത്തിയതിനെത്തുടർന്ന് ഭർത്താവും യുവതിയും മകളും മരിച്ച സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തി കുറ്റപത്രം നൽകും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ പറഞ്ഞു.
ഗുഡ്സ് ഓട്ടോറിക്ഷയിൽ പെട്രോളും പഞ്ചസാരയും ഉപയോഗിച്ച് തീകത്തിച്ചതായാണ് പ്രാഥമിക നിഗമനം. കത്തിക്കാൻ ഉപയോഗിച്ച പദാർഥങ്ങൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ സംബന്ധിച്ച് ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരണമാകൂ. കൊലപാതകം ആസൂത്രണം ചെയ്ത മുഹമ്മദാണ് (52) നിലവിൽ പ്രതിസ്ഥാനത്തുള്ളത്. ഇയാളും മരിച്ചതിനാൽ രജിസ്റ്റർ ചെയ്ത കേസിൽ ഇത്തരം വിശദാംശങ്ങളും ചേർത്താണ് കുറ്റപത്രം നൽകുകയെന്നും പൊലീസ് അറിയിച്ചു..