NEWS

പത്തി വിരിച്ച പാമ്പിന്റെ ആകൃതിയുള്ള പൂവ്, പീരങ്കിയുണ്ടകൾ പോലെ കായ്കൾ;മല്ലപ്പള്ളിയിൽ പൂത്തുലഞ്ഞ് നാഗലിംഗ മരം

പത്തനംതിട്ട:  മല്ലപ്പള്ളി വില്ലേജ് ഓഫിസിനു സമീപത്തെ നാഗലിംഗം മരം പൂത്തത് നയനാനന്ദകരമായി. ന്യൂ ജോൺസ് ഹോട്ടലിനോടു ചേർന്നുള്ള മരത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന മരമാണിത്. സുഗന്ധവും വിവിധ വർണവുമുള്ള പുഷ്പങ്ങളാണ് ആകർഷണം. ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ വൃക്ഷത്തിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇംഗ്ലിഷിൽ കാനൻ ബോൾ ട്രീ എന്നും പേരുണ്ട്.
ഒരാഴ്ച മുൻപാണ് മരത്തിൽ പൂക്കൾ വിരിയാൻ തുടങ്ങിയത്. രാവിലെ വിരിയുന്ന പൂക്കൾ വൈകുന്നേരത്തോടെ പൊഴിയും അടുത്തദിവസം പുതിയ പൂക്കൾ. ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. 6 സെന്റിമീറ്ററോളം വ്യാസമുള്ള 6 ഇതളുകളുള്ള വലിയ പൂക്കൾ കടുംനിറങ്ങളോടു കൂടിയവയാണ്. ഇതളുകളുടെ ചുവട്ടിൽ പിങ്കും ചുവപ്പും  അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറവും. ഉള്ളിൽ ശിവലിംഗത്തിന്റെ ആകൃതിയും അതിനു മുകളിൽ പത്തി വിരിച്ചുനിൽക്കുന്ന പാമ്പിന്റെ സാദൃശ്യവുമുള്ളതിനാലാണ് നാഗലിംഗ മരം എന്ന പേര് ലഭിക്കാൻ കാരണം.  കായ മൂപ്പെത്താൻ ഒരുവർഷത്തിലേറെ സമയമെടുക്കും. ലെസിതഡേസീ സസ്യകുടുംബത്തിൽപെടുന്ന ഈ ഇലപൊഴിക്കുന്ന മരം പലവിധ രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

Back to top button
error: