BusinessTRENDING

കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് രാകേഷ് ബിയാനി

ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് രാകേഷ് ബിയാനി. കമ്പനി സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാകേഷ് ബിയാനി സ്ഥാനമൊഴിഞ്ഞത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ ഫ്യൂച്ചര്‍ റീട്ടെയില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്. 24,713 കോടി രൂപയുടെ ഇടപാട് റിലയന്‍സ് റീട്ടെയില്‍ പിന്‍വലിച്ചതിന് ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളിലും ബോര്‍ഡിലും നിന്നുമുള്ള നിരവധി ആളുകള്‍ പിന്‍വാങ്ങിയിട്ടുണ്ട്.  2019 മെയ് 2-ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിതനായ രാകേഷ് ബിയാനിയുടെ മാനേജിംഗ് ഡയറക്ടറുടെ കാലാവധി 2022 മെയ് 01-ന് പൂര്‍ത്തിയായതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. തല്‍ഫലമായി, ബിയാനി അംഗമായിരുന്ന ബോര്‍ഡിന്റെ വിവിധ കമ്മിറ്റികളില്‍ അംഗത്വവും ഇല്ലാതായി. സംഘടനയ്ക്ക് പുറത്ത് മറ്റ് അവസരങ്ങള്‍ തേടുന്നതിനായി എഫ്ആര്‍എല്‍ കമ്പനി സെക്രട്ടറി വീരേന്ദ്ര സമാനിയും സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചു. കമ്പനി അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി അറിയിച്ചു.  കൂടാതെ, ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്വതന്ത്ര ഡയറക്ടറായ ഗഗന്‍ സിംഗ്, 2022 ഏപ്രില്‍ 29-ന് തന്റെ കാലാവധി പൂര്‍ത്തിയായതോടെ ഡയറക്ടര്‍ പദവി ഒഴിഞ്ഞു. മാത്രമല്ല ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ ആദിരാജ് ഹരീഷ് കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് രാജിവച്ചതായി അറിയിച്ചു. അതേസമയം ഏപ്രില്‍ 28 ന്, ബാങ്ക് ഓഫ് ഇന്ത്യ ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ സമര്‍പ്പിച്ച പാപ്പരത്വ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ എന്‍സിഎല്‍ടിയുടെ മുംബൈ ബെഞ്ച് മെയ് 12 വരെ സമയം നല്‍കിയിട്ടുണ്ട്.

Back to top button
error: