NEWS

ഖത്തർ ലോകകപ്പിന് ഇനി 200 ദിവസങ്ങൾ മാത്രം

ദോഹ: ഭൂമി സൂര്യനെ ചുറ്റുന്നതു പോലെ ഒരു പന്ത് അതിന്റെ പ്രയാണം പൂർത്തിയാക്കി ഖത്തറിൽ എത്തിയിരിക്കയാണ്.2018 ജൂലൈ 14 ന് റഷ്യയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ഒരു ലോങ് വിസിലോടെ അനക്കമറ്റ് കിടന്ന പന്താണത്.ഇനി 2022 നവംബർ 21-ന് ഖത്തറിലെ അൽഖോറിലെ അൽ ബെയ്ത്
സ്റ്റേഡിയത്തിന്റെ മധ്യവൃത്തത്തിൽ അത് അനക്കമറ്റ് കിടക്കും.മറ്റൊരു വിസിൽ അതിനെ വിളിച്ചുണർത്തും.മറ്റൊരു ബൂട്ട് അതിനെ ചലിപ്പിക്കും.ലോകത്തുള്ള കോടിക്കണക്കിന് കൃഷ്ണമണികൾ അതിനൊപ്പം ഉരുളും.ഒടുവിൽ ഡിസംബർ 18ന് ലുസൈല്‍ സ്റ്റേഡിയത്തിൽ ആ പാച്ചിലും നിലയ്ക്കുമ്പോൾ ലോകം ഫുട്ബോളിലെ പുതിയൊരു ഉദയത്തിന് സാക്ഷിയാകും.ലോകഫുട്ബോളിലെ സൂര്യകിരീടം ആ പന്തിനെ കീഴടക്കിയവർ കൊണ്ടുപോകും.


കാല്‍പന്തു ലോകം അക്ഷമയോടെ കാത്തിരിക്കുന്ന മഹാമേളയുടെ കിക്കോഫിന് ഇനി 200 നാള്‍ ദൂരം. ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി പന്തുരുളാന്‍ മാത്രമുള്ള നാളെണ്ണലിലാണ് ഖത്തറും ലോകവും.നവംബർ 21നാണ്​ കാൽപന്ത്​ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക്​ ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്​.നവംബര്‍ 21-ന് ഖത്തറും ഇക്വഡോറും തമ്മിലാകും ഉദ്ഘാടന മത്സരം.
പശ്ചിമേഷ്യയിൽ  ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തറിൽ എട്ട്​ വേദികൾ ഒരു വർഷം മുമ്പേ സർവസജ്ജമായി കാത്തിരിപ്പിലാണ്.92 വര്‍ഷത്തെ ചരിത്രമുള്ള ഫിഫ ലോകകപ്പിന്റെ ഗാലറിയില്‍ ഏറ്റവും കൂടുതൽ മലയാളം മുഴങ്ങുന്ന ഒരു ലോകകപ്പ് കൂടിയായിരിക്കും ഇക്കുറി. തൊഴില്‍ തേടിയെത്തിയ പ്രവാസി മലയാളികളും കേരളത്തില്‍നിന്നും പന്ത് കളി കാണാൻ വേണ്ടി മാത്രം ടിക്കറ്റെടുത്ത് വരുന്നവരും ചേർന്ന് ഗാലറിയിൽ മലയാളമയം തീർക്കും എന്നതിൽ സംശയം വേണ്ട. ഇതിനു പുറമെ, ലോകകപ്പിന്‍റെ സംഘാടനത്തിന്‍റെ ഭാഗമായി വലിയൊരു വിഭാഗം പ്രവാസി മലയാളികളും ഫിഫയോടൊപ്പമുണ്ട്. 20,000 ത്തോളം വളന്റിയര്‍മാരെ ലോകകപ്പ് സേവനങ്ങള്‍ക്കായി വേണമെന്നാണ് ഫിഫ ആവശ്യപ്പെട്ടത്. വളന്റിയര്‍ രംഗത്ത് സജീവമാകാന്‍ പ്രവാസികളോട് അടുത്തിടെ ഖത്തര്‍ തൊഴില്‍ മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.
ഇത് കൂടാതെ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സർ മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസാണ്.ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു സ്ഥാപനം ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്.

Back to top button
error: