NEWSWorld

റഷ്യൻ ബാങ്കിങ് മേഖലയെ ഒറ്റപ്പെടുത്താൻ ഇയു; ബാങ്കുകളെ സ്വിഫ്റ്റിൽനിന്നു നീക്കും

സ്ട്രാസ്ബർഗ്: റഷ്യയിൽനിന്നുള്ള എണ്ണയ്ക്ക് വിലക്കേർപ്പെടുത്തുന്നതുകൂടാതെ മറ്റു പല നടപടികളും സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു) ഒരുങ്ങുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നാണ് നടപടിയെന്ന് ഇയു കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ അറിയിച്ചു. വിവിധ ട്വീറ്റുകളിലൂടെ എന്താണ് തങ്ങളുടെ പദ്ധതിയെന്ന് അവർ വിശദീകരിക്കുന്നുണ്ട്.

ഇയുവിന്റെ പദ്ധതികളെക്കുറിച്ച് ഉർസുല പങ്കുവച്ചവ താഴെ പറയുന്നു:

  • റഷ്യയുടെ ഏറ്റവും വലിയ ബാങ്കായ സ്ബർബാങ്കിനെയും മറ്റു രണ്ടു ബാങ്കുകളെയും സ്വിഫ്റ്റ് സിസ്റ്റത്തിൽനിന്ന് നീക്കുക. ലോകമെമ്പാടുമുള്ള ധനകാര്യസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമാണ് സ്വിഫ്റ്റ്. റഷ്യൻ ബാങ്കിങ് മേഖലയെ ആഗോള സംവിധാനത്തിൽനിന്ന് പൂർണമായി ഒറ്റപ്പെടുത്തുന്ന നീക്കമാണിത്.
  • യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായ ഓരോരുത്തരുടെയും പട്ടിക തയാറാക്കണം. ഇയുവിന്റെ കീഴിൽ ഇവരുടെ സ്വത്തുക്കൾ മരവിപ്പിച്ച്, യാത്രാ വിലക്ക് ഏർപ്പെടുത്തണം.
  • യൂറോപ്യൻ ‘എയർവേവ്’സിനു കീഴിലുള്ള റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് സംപ്രേക്ഷണ നിലയങ്ങളെയും നിരോധിക്കണം. ഇതുവഴിയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നുണകൾ പ്രചരിപ്പിക്കുന്നതെന്നും ഉർസുല പറഞ്ഞു. ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക് പുടിൻ വലിയ വില നൽകേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

‘റഷ്യയുമായുള്ള ഇന്ധന ഇടപാടുകൾ നിർത്തലാക്കുന്നത് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് മറികടക്കാനായി കൂടുതൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കാൻ നമുക്കാവും. ഈ യുദ്ധത്തിൽ യുക്രെയ്ൻ ജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യുക്രെയ്ൻ നഗരങ്ങളുടെ പുനരുദ്ധാരണത്തിന് വലിയ നിക്ഷേപം ആവശ്യമാണ്. ഇതിനായി ലോകരാജ്യങ്ങൾ കൈകോർക്കണം. ഹീനമായ ക്രൂരതകൾക്ക് പുട്ടിൻ വലിയ വില നൽകേണ്ടി വരും. രാജ്യാന്തര നിയമം നടപ്പാക്കണം’–ഉർസുല പറഞ്ഞു.

അതേസമയം, കമ്മിഷന്റെ നിർദേശങ്ങൾ പ്രാവർത്തികമാകണമെങ്കിൽ 27 അംഗ രാജ്യങ്ങളുടെ അനുമതി വേണം. നിലവിൽ ഇയു അംഗങ്ങളായ ഹംഗറിയും സ്ലൊവാക്യയുമാണ് റഷ്യൻ ഇന്ധനത്തെ കാര്യമായി ആശ്രയിക്കുന്നവർ. ഇവർക്ക് ഈ ആശ്രിതത്വം ഒഴിവാക്കാൻ കുറച്ചുകൂടി സമയം നീട്ടി നൽകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: