കടുത്ത ചൂടു കൊണ്ട് ചുട്ടുപൊള്ളുകയാണ് രാജ്യം. അതിനാൽ, ദാഹം ശമിപ്പിക്കാൻ ജനങ്ങൾ പ്ലാറ്റിക് കുപ്പികളിൽ വരുന്ന വെള്ളത്തെയാണ് കൂടുതലും ആശ്രയിക്കുന്നത്.
എന്നാൽ സമീപകാല റിപ്പോർട്ട് പ്രകാരം, വലിയ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നത് അത്യന്തം അപകടകരമാണ്. പ്ലാസ്റ്റിക്കിനെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ, സൂര്യനിൽ നിന്ന് ചൂട് തട്ടുന്ന നിലയിൽ വളരെക്കാലമായി സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കരുതെന്ന് ശുപാർശ ചെയ്യുന്നു, ഉദാഹരണത്തിന്, വെയിലിൽ നിർത്തിയിട്ടിരിക്കുന്ന കാർ പോലെ. പ്ലാസ്റ്റികിൽ നിന്നുള്ള രാസവസ്തുക്കൾ വെള്ളത്തിലേക്ക് പടരുന്നതിന് ഇത് ഇടയാക്കുമെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ജലാംശം നിലനിർത്താൻ പ്ലാസ്റ്റിക് കുപ്പിയിലേക്ക് എത്തുന്നതിനുമുമ്പ്, അത് വളരെക്കാലം സൂര്യപ്രകാശം നേരിട്ട് തട്ടുന്ന രീതിയിൽ സൂക്ഷിച്ചിരുന്നോ എന്ന് നാം രണ്ടുതവണ ചിന്തിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ അവയിൽ അടങ്ങിയിരിക്കുന്ന പാനീയങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ ചെറിയ അളവിൽ രാസവസ്തുക്കൾ പടർത്തുന്നു. താപനിലയും സമയവും കൂടുന്നതിനനുസരിച്ച് പ്ലാസ്റ്റികിലെ രാസപ്രവർത്തനഫലമായി ഇത് പടരാനുള്ള സാധ്യത ഏറെയാണ്.
പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം തുടർച്ചയായി കഴിക്കുന്നവർക്ക് ആമാശയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാം. പിസിഒഎസ്, അണ്ഡാശയ പ്രശ്നങ്ങൾ, സ്തനാർബുദം, വൻകുടലിലെ അർബുദം തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും വഴിവെക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
നേരിട്ട് സൂര്യപ്രകാശം തട്ടി ചൂടാവുമ്പോൾ ഡയോക്സിൻ എന്ന വിഷവസ്തുവിനെ പുറത്തുവിടുന്നു. ഇത് സ്തനാർബുദത്തിലേക്ക് നയിക്കും.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുമ്പോൾ നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തെ വളരെയധികം ബാധിക്കുന്നു. രാസവസ്തുക്കൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
പ്ലാസ്റ്റികിൽ ഫതാലറ്റ്സ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉള്ളതിനാൽ, പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കുന്നത് കരൾ കാൻസറിനും ബീജങ്ങളുടെ എണ്ണം കുറയുന്നതിനും ഇടയാക്കും. ഫ്രെഡോണിയയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക് അടുത്തിടെ നടത്തിയ ഒരു പഠനം കാണിക്കുന്നത് കുപ്പിവെള്ളത്തിൽ, പ്രത്യേകിച്ച് ജനപ്രിയ ബ്രാൻഡുകളിൽ അമിതമായ അളവിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്നാണ്. അഞ്ച് മില്ലിമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. 93 ശതമാനത്തിലധികം കുപ്പിവെള്ളത്തിലും മൈക്രോപ്ലാസ്റ്റിക് കാണപ്പെടുന്നു.