NEWS

കുക്ഡി കി രസം -രാജസ്ഥാനിലെ അത്രയ്ക്ക് രസമല്ലാത്ത ഒരു ആചാരം

പുറത്തധികം കേൾക്കാത്ത അനേകായിരം ദുരാചാരങ്ങൾ പിന്തുടരുന്നവരുടെ രാജ്യമാണ് നമ്മുടേത്.ഇന്ത്യൻ നീതിവ്യവസ്ഥയ്ക്ക് സ്പർശിക്കാനാവാത്ത വിധം മത ഭ്രാന്ത് പിന്തുടരുന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളും.ഇതിന്റെ മറവിൽ സ്ത്രീ പീഡനങ്ങളും ധാരാളം.അത്തരത്തിലൊരു ദുരാചാരം പിന്തുടരുന്ന സമൂഹമാണ് രാജസ്ഥാനിലെ സാൻസി ഗോത്രം.
ടോങ്ക് ജില്ലയിലെ അലിപുര ചാൻ ഗ്രാമത്തിലെ ശകുന്തള എന്ന പതിനേഴ് വയസ്സുകാരിയുടെ ദുരന്ത കഥ വാർത്തകളിലൽ വരുന്നത് 2017 ലാണ്. സാൻസി സമുദായത്തില് സ്ഥിരമായി നടന്ന് കൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തിന്റെ കഥകൾ അധികവും ഗ്രാമ പഞ്ചായത്തുകൾക്ക് പുറത്ത് അറിയാറില്ലായിരുന്നു.അനേകം പീഡന കഥകൾക്കിടയിൽ നിന്ന് വല്ലപ്പോഴും പുറത്ത് വരുന്ന വാർത്തകളില് ഒന്നായിരുന്നു ശകുന്തളയുടെ കേസ്.
വിവാഹം കഴിഞ്ഞതിന്റെ ആദ്യരാത്രി ഭർത്താവ് മുറിയിലേക്ക് വന്നത് കണ്ടപ്പോൾ തന്നെ ഏതൊരു സാൻസി വധുവിനെ പോലെ ശകുന്തളയും പരിഭ്രാന്തയായി.കയ്യിൽ ഒരു നീണ്ട ചരടും പിന്നെ വെളുത്ത കിടക്കവരിയുമായി കിടപ്പറയിലേക്ക് വരുന്നതാണല്ലോ അവിടത്തെ ഭർത്താക്കന്മാരുടെ ആചാരം. വധുവിന്റെ കന്യകത്വം തെളിയിക്കാൻ വേണ്ടിയാണ് ചരടും വെളുത്ത വിരിയും.ആദ്യരാത്രി തന്നെ ബന്ധപ്പെടുകയും കിടക്കവിരിയിൽ ചുവന്ന രക്തപ്പാടുകൾ വീഴുകയും ചെയ്താൽ വധു, പതിവ്രതയാണെന്നും അല്ലാത്ത പക്ഷം ആ സ്ത്രീ മോശമാണെന്നുമാണ് സാൻസി സമുദായക്കാരുടെ രീതി.കുക്ഡി കി രസം എന്നാണ് ഇത് അറിയപ്പെടുന്നത്.
ശകുന്തളയുടെ ഭർത്താവ് “ലഡ്ക്കി ഖറാബ് ഹേ”(പെൺകുട്ടി പിഴച്ചവളാണ്) എന്ന് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടാണ് പിറ്റേന്ന് ഉണർന്നത് തന്നെ.ശേഷം വധുവിനെ ചോദ്യം ചെയ്യലായി. 99 ശതമാനം പേരും നിരപരാധികളായിരിക്കും. പക്ഷേ, മുമ്പ് ആരുടെ കൂടെ കിടന്നുവെന്ന് നിർബന്ധിച്ചു ചോദ്യം ചെയ്ത് കൊണ്ടേയിരിക്കും. ജീവിതത്തിലന്ന് മറ്റൊരു അന്യ പുരുഷനെ നേരിൽ പോലും കാണാത്ത പെൺകുട്ടികളായിരിക്കും പലപ്പോഴും ഈ സാധുക്കൾ. വരന്റെ വീട്ടുകാരുടെ ആവശ്യം വധുവിനെ മോശമാക്കി വീട്ടുകാരിലൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുക എന്നതായത് കൊണ്ട് തന്നെ പെൺ കുട്ടിയെ കൊണ്ട്, ബന്ധത്തിലുള്ള ആരുടെയെങ്കിലും പേര് പറയിപ്പിക്കും വരെ മർദ്ദനം തുടരും.അവസാനം ഗത്യന്തരമില്ലാതെ ഒരാളുടെ പേര് അവൾക്ക് പറയേണ്ടി വരും.മൂത്ത ചേച്ചി വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ ചേച്ചിയുടെ ഭർത്താവിന്റെ പേര് പറയാനായിരിക്കും വരന്റെ വീട്ടുകാർ നിർബന്ധിക്കുക.അല്ലെങ്കിൽ അത് പോലെയുള്ള ഏതെങ്കിലും അടുത്ത ബന്ധുവിന്റെ.
ശകുന്തളയും ഇത് പോലെ ചേച്ചിയുടെ ഭർത്താവിനെയാണ് ചൂണ്ടി കാണിക്കാൻ നിർബന്ധിതയായത്. ശേഷം വരന്റെ വീട്ടുകാർ ഗ്രാമ പഞ്ചായത്ത് മുഖ്യന്റെ മുമ്പിൽ അവളെ ഹാജരാക്കുകയായി. അവിടെ ഒരിക്കലും പെൺ കുട്ടിക്ക് നീതി ലഭിക്കുകയില്ല.വധുവിന്റെ പിതാവിനെയും കുടുംബത്തെയും വിളിച്ചു വരുത്തി നാട്ടുകാരുടെ മുമ്പിൽ വെച്ച് മാനം കെടുത്തി നഷ്ടപരിഹാരം വാങ്ങുകയാണ് വരന്റെ വീട്ടുകാരുടെ ലക്ഷ്യമെന്ന് ഗ്രാമവാസികൾക്ക് മുഴുവനുമറിയാം.
വധുവിന്റെ വീട്ടുകാരുടെ ശേഷിയനുസരിച്ചു ഇരുപ്പത്തിയയ്യായിരം മുതൽ മേലോട്ടാണ് ഗ്രാമ മുഖ്യൻ പിഴ കൽപിക്കാറ്. ശകുന്തളയുടെ കാര്യത്തില്. 60,000 രൂപയാണ് ‘നഷ്ടപരിഹാരം’ നൽകാൻ വിധിച്ചത്. തെറ്റ് ചെയ്യാത്ത ചേച്ചിയുടെ ഭർത്താവിനെ കരുവാക്കിയാണ് ശകുന്തളയുടെ ഭർതൃവീട്ടുകാരുടെ ക്രൂരത.
പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത്, ബ്രിട്ടീഷുകാരും അവർക്ക് ഓശാന പാടുന്ന പ്രഭുക്കന്മാരും മറ്റും പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ പിടിച്ചു കൊണ്ട് പോയി പീഡിപ്പിക്കുമായിരുന്നുവത്രെ. അങ്ങനെയുള്ള പെൺ കുട്ടികളെ വിവാഹം കഴിക്കാൻ അവിടത്തെ പുരുഷന്മാർ തയ്യാറായിരുന്നില്ല. അക്കാലത്ത് ഒരു പെൺകുട്ടി കന്യകയാണോ എന്നറിയാൻ വേണ്ടി തുടങ്ങി വെച്ച ദുരാചാരമാണ് ഇന്നും ചില സമുദായങ്ങൾ പിന്തുടരുന്നത്. ഇതിനെതിരെ പല മനുഷ്യാവകാശ സംഘടനകളും ശബ്ദിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായും നിർത്തലാക്കാൻ സാധിച്ചിട്ടില്ല എന്ന് തന്നെയാണ് ശകുന്തളയുടെയും നീലമിന്റെയും സംഭവങ്ങളിലൂടെ മനസ്സിലാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: