NEWSWorld

യുക്രൈനിലെ എയര്‍ഫീല്‍ഡും അമേരിക്ക നല്‍കിയ ആയുധങ്ങളും തകര്‍ത്തതായി റഷ്യ

മോസ്‌കോ: യുക്രൈന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നല്‍കിയ നിരവധി ആയുധങ്ങളും ഒഡേസയിലെ സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേയും തകര്‍ത്തതായി റഷ്യ. മിസൈല്‍ ആക്രമണത്തിലാണ് പുതുതായി നിര്‍മ്മിച്ച റണ്‍വേയും ആയുധങ്ങളും തകര്‍ത്തതെന്ന് റഷ്യ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ യുക്രൈന്റെ രണ്ട് Su-24m ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലായ യുക്രൈനിലെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റില്‍ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മിസൈല്‍ ആക്രമണം.

യുക്രൈന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍നിന്നും കിഴക്കന്‍ മേഖലയിലെ വ്യാവസായിക മേഖലകളില്‍നിന്നും കൂടുതല്‍ സാധാരണക്കാര്‍ പലായനം ചെയ്തു തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യന്‍ വ്യോമാക്രമണവും ഷെല്ലിങ്ങും ശക്തമായതോടെയാണിത്.

Signature-ad

അതിനിടെ മരിയോപോള്‍ നഗരത്തില്‍ നിരവധിപേര്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നുകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആയിരത്തോളം സാധാരണക്കാരെയും 2000ത്തോളം വരുന്ന യുക്രൈന്‍ സൈനികരെയും മരിയോപോളിലെ സ്റ്റില്‍ പ്ലാന്റില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലടക്കം നടക്കുന്നുണ്ട്. മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍പ്ലാന്റ് ഒഴികെയുള്ള മിക്ക പ്രദേശങ്ങളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.

Back to top button
error: