NEWS

അടിച്ച ആണികൾ തിരികെ ഊരിയെടുക്കാൻ കഴിയും; അത് സൃഷ്ടിച്ച പാടുകളോ…?

രിക്കൽ തന്റെ മകന്റെ മുൻകോപം മൂലമുള്ള പ്രവൃത്തികൾ അതിരു കടക്കുന്നുവെന്ന് തോന്നിയപ്പോൾ അവന്റെ കൈയിൽ ഒരു ചുറ്റികയും കുറേ ആണികളും നൽകി കൊണ്ട് അവന്റെ അച്ഛൻ അവനോട് പറഞ്ഞു.
“ഇനി നിനക്ക് ഓരോ തവണ ദേഷ്യം വരുമ്പോഴും മുറ്റത്തെ ചുറ്റുമതിലിൽ ഈ ചുറ്റിക കൊണ്ട് ഓരോ ആണി അടിച്ചു  കയറ്റുക.
അപ്രകാരം നിന്റെ മുൻ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക” .
തിരക്കേറിയ തന്റെ ആദ്യ ദിനത്തിൽ അവൻ 16 ആണികളാണ് മതിലിൽ തറച്ചു കയറ്റിയത്.
പക്ഷെ, ക്രമേണ തന്റെ തെറ്റ് തിരിച്ചറിയുക വഴി ദേഷ്യം നിയന്ത്രിക്കാനും ആണികളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാനും അവന് കഴിഞ്ഞു.
ഒരാണി പോലും തറയ്ക്കാതെ കടന്നു പോയ ഒരു ദിവസത്തിനുശേഷം അവൻ അച്ഛനടുത്തെത്തി.
 “അച്ഛാ ഞാൻ വിജയിച്ചു”.
 അയാൾ മറുപടി പറഞ്ഞു. “തീർന്നില്ല
ഇനി നീ ആണി തറയ്ക്കാത്ത ഓരോ ദിവസവും മുമ്പ്  തറച്ചു കയറ്റിയ ഓരോ ആണി വീതം മതിലിൽ നിന്ന് ഊരിയെടുക്കുക”.
56ാമത്തെ ദിവസം അവസാനത്തെ ആണിയും അവൻ ഊരിയെടുത്തശേഷം മകനോടൊത്ത്  ആ ചുറ്റുമതിലിന് മുന്നിലെത്തി അയാൾ പറഞ്ഞു
 “നോക്കൂ നിനക്ക് ആ ആണികൾ തിരികെ ഊരിയെടുക്കാൻ കഴിഞ്ഞു. പക്ഷെ, അത് സൃഷ്ടിച്ച പാടുകൾ ഇനിയും അവിടെ അവശേഷിക്കുന്നു”.
സൗഹൃദങ്ങളിലും ബന്ധങ്ങളിലും നിങ്ങളുടെ വാക്കുകളാലും പ്രവൃത്തികളാലും മൂർച്ചയേറിയ ആണികൾ തറയ്ക്കാതിരിക്കുക. കാരണം,
അവ സൃഷ്ടിക്കുന്ന മുറിവുകൾ നിങ്ങൾക്ക് ഉണക്കാൻ കഴിഞ്ഞെന്നു വരില്ല!
ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ബന്ധങ്ങളെ മറക്കാതിരിക്കുക , ഉറ്റവരെ വേദനിപ്പിക്കാതിരിക്കുക , നന്മ ചെയ്യാനുള്ള ഒരു അവസരവും പാഴാകാതിരിക്കുക…അതുമാത്രമേ ബാക്കി ആവുകയുള്ളൂ…അതുമാത്രമാണ് ശാശ്വതം..!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: