NEWS

നാടന്‍ തോക്കുമായി കാടുകയറി മറയൂരില്‍ ഒരു ഗ്രാമം തന്നെയുണ്ടാക്കിയ ‘ശിക്കാരി കുട്ടിയമ്മ’

കോട്ടയം പാലാ ഇടമറ്റത്തുള്ള വട്ടവയലിൽ തൊമ്മന്റെ ഏഴുമക്കളിലെ ഏക പെൺതരിയായി 1932 ൽ ജനിച്ച ത്രേസ്യാ എന്ന ശിക്കാരി കുട്ടിയമ്മയും പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം കടുത്ത ദാരിദ്രത്തെ തുടര്‍ന്ന് 1963 ൽ മറയൂരിലേക്ക് കുടിയേറുന്നത്.ചിന്നാര്‍ മേഖലയിലെ വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചുരുളിപ്പെട്ടിയില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയായിരുന്നു തൊമ്മനും കുടുംബവും താമസം തുടങ്ങിയത്. റെയ്ച്ചൂരിലെ സെന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ 11 ആം ക്ലാസ് വരെ പോയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിച്ച ത്രേസ്യാ കന്യാസ്ത്രീയാവാന്‍ റെയ്ച്ചൂരിലേക്ക് വീണ്ടും പഠിക്കുവാന്‍ പോയി.
അതിനിടയിലാണ് സഹോദരന്‍ പാപ്പച്ചനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാന്‍ കഴിയാതെ വന്നതോടെ പാപ്പച്ചനെ ആശുപത്രി അധികൃതര്‍ ചികിത്സിക്കാൻ വിസമ്മതിച്ചു. പണം ഇല്ലെങ്കില്‍ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇളയ സഹോദരന്‍ ടോമിച്ചനെയും കൂട്ടി ഒരു നാടന്‍ തോക്കുമായി കുട്ടിയമ്മ അന്ന്‌ ആദ്യമായി വേട്ടയാടാന്‍ കാടുകയറി. കാട്ടില്‍ കണ്ട ഒത്ത കാട്ടുപോത്തിനെ ആദ്യവെടിയില്‍ തന്നെ കുട്ടിയമ്മ വീഴ്ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച് സഹോദരനെ രക്ഷിച്ച കുട്ടിയമ്മ കന്യാസ്ത്രീ മഠം ഉപേക്ഷിച്ചു വേട്ടയാടല്‍ ഉപജീവനമാക്കി.
കുട്ടിയമ്മ മികച്ച വേട്ടകാരിയായി പേരെടുത്തപ്പോള്‍ ‘ശിക്കാരി കുട്ടിയമ്മ’ എന്ന പേരും ചാര്‍ത്തിക്കിട്ടി. കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും അപൂര്‍വമായി കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ടെന്നാണ് സമകാലികരായ വയോധികര്‍ പറയുന്നത്. ശിക്കാരി കുട്ടിയമ്മയുടെ തോക്കിന്റെ ബലത്തില്‍ ചിന്നാര്‍ വനത്തിലേക്ക് കൂടുതല്‍ ആളുകള്‍ കുടിയേറി പാര്‍ക്കാന്‍ എത്തിതുടങ്ങി. അങ്ങനെ 82 ഏക്കറോളം സ്ഥലത്ത് 42 കുടുംബങ്ങള്‍ താമസമുറപ്പിച്ചപ്പോള്‍ ചിന്നാര്‍ വനമധ്യത്തിലെ ഇന്നത്തെ ചുരുളിവെട്ടി എന്ന ഗ്രാമം ഉയര്‍ന്നുവന്നു. ഇതിനിടെ ശ്രീലങ്കന്‍ സ്വദേശിയായ തോമസ് ചാക്കോയുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇവര്‍ ഒരുമിച്ചായിരുന്നു വേട്ടയാടലും ചുരുളിവെട്ടിയെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തിരുന്നത്.
മൃഗവേട്ട വ്യാപകമായതോടെ ഇവരെ കുടിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. സ്ഥലത്തിനു പകരമായി പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ഇവരുടെ സ്ഥലം 1993 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പണം ലഭിക്കാന്‍ വൈകിയതിനാല്‍ അവിടം വിട്ടുപോകാന്‍ ആരും തയാറായില്ല. സ്ഥലത്തിനു പകരമായി പണം ലഭിക്കാതെവന്നതോടെ കുട്ടിയമ്മ വനംവകുപ്പുമായി നിയമ പോരാട്ടം തുടങ്ങി. ഒടുവില്‍ 2016 ല്‍ കുട്ടിയമ്മയ്ക്ക് മുഴുവന്‍ തുകയും ലഭിച്ചു.കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ താമസമാരംഭിച്ചു. സംഭവ ബഹുലമായ ജീവിതത്തിനൊടുവില്‍ ആനക്കല്ലിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കവേ 2019 ആഗസ്റ്റ് 19 ആം തിയതി അവർ തന്റെ 87 ആം വയസ്സിൽ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: