പണ്ട് പണ്ട് മനുഷ്യർക്കൊന്നും എഴുത്ത് വശമുണ്ടായിരുന്നില്ല.എന്നല്ല, അക്ഷരങ്ങൾ പോലും കണ്ടുപിടിച്ചിട്ടില്ലായിരുന്നു. ആധുനിക മനുഷ്യനെ സൃഷ്ടിച്ചതിൽ പ്രധാനപങ്ക് അക്ഷരങ്ങൾക്കാണ്. അതുകൊണ്ടാണല്ലോ എഴുത്തിനിരുത്തൽ വലിയ ആഘോഷമായി മാറിയത്.അക്ഷരം മുനഷ്യന്റെ ഏറ്റവും വലിയ ആയുധമാണ്.
എങ്ങനെയാണ് മനുഷ്യൻ എഴുതാനുള്ള സൂത്രവും അക്ഷരങ്ങളും കണ്ടുപിടിച്ചത് എന്നറിയുന്നത് രസകരമാണ്. ത്യാഗപൂർണമായ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യർ എഴുത്തിലെത്തിയത്. അതിനെക്കുറിച്ച് കൂടുതൽ അറിയാം.
എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നതിന് മുമ്പ് മനുഷ്യന്റെ ആശയവിനിമയം എങ്ങനെയായിരുന്നു? ഒന്നുറക്കെ പറയുക അല്ലെങ്കിൽ വിളിച്ച് കൂവുക. തങ്ങളുടെ ശബ്ദമെത്താത്തിടത്തേക്ക് വാദ്യങ്ങൾ മുഴക്കിയും ആകാശത്തേക്ക് പുകയുയർത്തിയും അക്കാലത്തെ മനുഷ്യൻ ആശയവിനിമയം നടത്തി. എന്നിട്ടും വിചാരിച്ചപോലെ ആശയങ്ങൾ കൈമാറാനാവാതെ വന്നപ്പോൾ അവർ വിപ്ലവകരമായ ഒരു കണ്ടെത്തൽ നടത്തി.അതാണ് എഴുത്ത്.
വരയായിരുന്നു എഴുത്തിന്റെ മുൻഗാമി. മനസ്സിൽ ഉദ്ദേശിച്ചത് വരകളായി. പിന്നെ ചിത്രങ്ങളായി. കളിമണ്ണിലും ഗുഹാഭിത്തിയിലുമൊക്കെ ചരിത്രാതീത കാലത്ത് മനുഷ്യർ കോറിയിട്ടു. എല്ലും കമ്പുമൊക്കെ ഉപയോഗിച്ചാണ് അവർ രൂപങ്ങൾ വരച്ചത്. ഇതിൽനിന്നാണ് ലിപിയുടെ ആരംഭം. പഴയ നാഗരികതയുടെ ചരിത്രം പരിശോധിച്ചാൽ മിക്കവാറും എല്ലാ ഭാഷയിലെയും അക്ഷരങ്ങൾ ചിത്രങ്ങളോട് സാദൃശ്യമുള്ളതാണെന്ന് കാണാം. ചിത്രങ്ങളിലൂടെ കൃത്യമായി ആശയം വെളിപ്പെടുത്താൻ കഴിയാതെ വന്നപ്പോഴാണ് ചിത്രങ്ങളോട് സാമ്യമുള്ള അക്ഷരങ്ങളുണ്ടായത്. മലയാളത്തിൽ ആന എന്ന വാക്ക് പരിശോധിച്ച് നോക്കൂ. ആനയുടെ രൂപത്തോട് വളരെ സാമ്യമുണ്ട് ‘ആ’ എന്ന അക്ഷരത്തിന്.
ഏതാണ്ട് 6000വർഷംമുമ്പ് സുമേറിയയിൽ ആണ് ചിത്രലിപി ജന്മമെടുത്തതെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യൂനിഫോം എന്നായിരുന്നു ഇതിന് പേര്. കളിമണ്ണ് കുഴച്ച് പലകപോലെ പരത്തിയെടുത്താണ് അവർ എഴുതിയിരുന്നത്. ഏതാണ്ടിതേ കാലത്ത് ഈജിപ്തിലും ഹയറോ ഗിഫികസ് എന്ന ചിത്രലിപി രൂപംകൊണ്ടു. കരിങ്കൽപാളികളിൽ ചിത്രങ്ങൾ കൊത്തിവച്ചായിരുന്നു ഈജിപ്തുകാരുടെ എഴുത്ത്.
കളിമണ്ണിലും കല്ലിലും വരക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതോടെ പുതിയൊരു മാധ്യമം അന്വേഷിച്ച് തുടങ്ങി. ഈ അന്വേഷണമാന് മനുഷ്യനെ ഇന്നത്തെ കടലാസിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഇത് എഴുത്ത് ചരിത്രത്തിലെ നിർണായക വഴിത്തിരിവാകുകയായിരുന്നു.
നൈൽനദിക്കരയിലും പലസ്തീനിലുമൊക്കെ സമൃദ്ധമായി വളർന്നുവന്ന പാപ്പിറസ് ചെടി 5000വർഷംമുമ്പ് തന്നെ ഈജിപ്തുകാർ എഴുതാനായി ഉപയോഗിച്ചിരുന്നു. പാപ്പിറസ് ചെടിയുടെ തണ്ടാണ് എഴുതാനായി എടുത്തിരുന്നത്. തണ്ട് നെടുകെ മുറിച്ചശേഷം അതിനുള്ളിലെ ഭാഗം നേരിയ പാളികളായി പൊളിച്ചെടുക്കാം. ഇത് യോജിപ്പിച്ച് ഷീറ്റുകളാക്കിയാണ് എഴുതിയിരുന്നത്. പേപ്പർ എന്ന വാക്ക് വന്നത് പാപ്പിറസിൽനിന്നാണ്.
പാപ്പിറസിന് ക്ഷാമമുണ്ടായപ്പോൾ പുതിയ എഴുത്ത് സൂത്രമെത്തി. മൃഗത്തോൽ അഥവാ ചർമപത്രം. 4000 വർഷം പഴക്കമുള്ള പാർച്ചുമെന്റുകൾ കണ്ടെത്തിയിട്ടുണ്ട്.
പാപ്പിറസ് ഷീറ്റുകളാക്കിയുള്ള എഴുത്തിന്റെ മുൻഗാമികൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തിലുള്ള പേപ്പർ പിറവിയെടുത്തത് ചൈനയിലാണ്. ഹാൻ രാജവംശത്തിലെ (ബിസി 202മുതൽ എഡി 220വരെ) ഉദ്യോഗസ്ഥനായിരുന്ന കൈലൂൻ എന്നയാളാണ് ആദ്യത്തെ പേപ്പർ ഉണ്ടാക്കിയത്. മരങ്ങളുടെ പട്ട, ചണത്തിന്റെ നാര്, മൾബറിനാര്, പഴന്തുണി, മത്സ്യവല എന്നിവ ഉപയോഗിച്ചാണ് അദ്ദേഹം കടലാസ് നിർമിച്ചത്.
പിന്നീട് ചൈനയിൽ കടലാസ് നിർമാണം വ്യാപകമായെങ്കിലും 500വർഷത്തോളം ആ വിദ്യ ചൈനക്കാരുടെ ഇടയിൽ മാത്രം ഒതുങ്ങിനിന്നു. ഏഴാം നൂറ്റാണ്ടോടെ അത് ജപ്പാനിലെത്തി. കടലാസ് കണ്ടുപിടിച്ചത് ചൈനയിലാണെങ്കിലും ആദ്യമായി അച്ചടി നടപ്പിലായത് ജപ്പാനിലാണ്. എഡി 770ൽ ജപ്പാനിലെ ഷോട്ടോകു ചക്രവർത്തിനി ഒരു പ്രാർഥനാ പുസ്തകത്തിന്റെ പത്ത് ലക്ഷം പ്രതികൾ ഒറ്റയടിക്ക് അച്ചടിച്ചു. ഏതാണ്ട് ആറുവർഷംകൊണ്ട് പൂർത്തിയായ വമ്പൻ പദ്ധതിയായിരുന്നു അത്.
എഡി എട്ടാം നൂറ്റാണ്ടോടെ ചൈനക്കാർ വഴി അറേബ്യൻ രാജ്യങ്ങളിലും കടലാസ് എത്തി. ഇന്ത്യയിൽ ഏഴാം നൂറ്റാണ്ടിൽ ചൈനീസ് പേപ്പറെത്തിയെങ്കിലും കടലാസിന്റെ ഉപയോഗം വ്യാപകമായത് 12ാം നൂറ്റാണ്ടിലാണ്.
ഇലകളായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കടലാസ്. പനയോലകളും ചില പ്രത്യേക ഇലകളുമായിരുന്നു എഴുതാനുപയോഗിച്ചിരുന്നത്. ഓലക്കീറുകൾ കൂട്ടിച്ചേർത്ത് ഗ്രന്ഥരൂപത്തിൽ സൂക്ഷിക്കും. എഴുതാൻ ഇല (താളുകൾ)ഉപയോഗിച്ചതുകൊണ്ടാണ് പേജിന് ഇംഗ്ലീഷിൽ ഇലയെന്നർഥമുള്ള ലീഫ് എന്ന പേര് വന്നത്.
മണലിലെഴുതിയാണ് നമ്മുടെ പൂർവികർ പണ്ട് പഠിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. കൈയിൽകൊണ്ടുവരുന്ന പൂഴിക്കുടുക്കയിലെ പൂഴി (മണൽ) നിലത്ത് വിരിച്ച് അതിൽ ചൂണ്ടുവിരൽകൊണ്ട് അക്ഷരം എഴുതിയാണ് പഠിച്ചിരുന്നത്. ഓർത്ത് വയ്‌ക്കേണ്ട കാര്യങ്ങൾ ഓലക്കീറിൽ നാരായംകൊണ്ട് എഴുതി സൂക്ഷിക്കും.
ഡോക്ടർ വില്യംകാരി എന്ന ഇംഗ്ലീഷ് മിഷണറിയാണ് ഇന്ത്യയിൽ ആദ്യമായി കടലാസ് കൊണ്ടുവന്നത്.
കടലാസ് ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ? എഴുതാനുള്ള ഉപകരണങ്ങൾ ഉണ്ടാകണമല്ലോ. അക്ഷരങ്ങൾ വികസിച്ചതോടെയാണ് എഴുത്തുപകരണങ്ങളുടെ ആവശ്യവും ആരംഭിക്കുന്നത്. ചൈനക്കാർ ബ്രഷുണ്ടാക്കി. ഒട്ടകരോമംകൊണ്ട്. പിന്നീട് പുൽത്തണ്ടുകൾകൊണ്ട് ഈജിപ്തുകാർ തൂലികയുണ്ടാക്കി. വർഷങ്ങൾ കഴിഞ്ഞാണ് കരിയും പശയുമൊക്കെ ചേർത്ത് മഷിയുണ്ടാക്കുന്ന വിദ്യ നിലവിൽവന്നത്.
നാരായമാണ് എഴുത്ത് വിദ്യയിൽവന്ന ഏറ്റവും വലിയ പരിഷ്കാരം. ഗ്രീക്കുകാരും റോമാക്കാരുമായിരുന്നു ആദ്യകാലങ്ങളിൽ നാരായം ഉപയോഗിച്ചിരുന്നത്. ലോഹംകൊണ്ടുണ്ടാക്കിയ ആണിപോലുള്ള ഒരുപകരണമാണ് നാരായം. എഴുത്താണിയെന്നും പറയാം. കേരളത്തിൽ എഴുത്താണി വ്യാപകമായി ഉപയോഗിച്ചിരുന്നു. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരുമൊക്കെ എഴുത്താണികൾ കൊണ്ടാണ് രചനകൾ നടത്തിയിരുന്നത്. ഇവയൊക്കെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
കടലാസ് കണ്ടുപിടിച്ചതോടെ എഴുതാൻ നാരായവും പുൽത്തണ്ടുമൊന്നും പോരാതെ വന്നു. അങ്ങനെയാണ് പക്ഷിത്തൂവലുകളുടെ അറ്റം കൂർപ്പിച്ച് മഷിയിൽ മുക്കി എഴുതുന്ന തൂലികകൾ നിലവിൽവന്നത്. ഒട്ടകപ്പക്ഷിയുടെ തൂവലാണ് ഏറ്റവും മികച്ച തൂവൽ പെൻ. കടുക്കയും മറ്റ് ചില സസ്യങ്ങളുടെ നീരും ഉപയോഗിച്ച് നമ്മുടെ നാട്ടിൽ മഷിയുണ്ടാക്കിയിരുന്നു.
മുനഷ്യന്റെ എഴുത്ത് വഴികളിൽ നിർണായക മാറ്റം വന്നത് പെൻസിലിന്റെ കണ്ടുപിടിത്തത്തോടെയാണ്. ഇതോടെ എഴുത്ത് കൂടുതൽ സുഗമമായി. ഇന്നും കൊച്ചുകുട്ടികൾ പെൻസിൽ ഉപയോഗിച്ചാണ് എഴുതുന്നത്. കൈയക്ഷരം നന്നാവണമെങ്കിൽ ആദ്യം പെൻസിൽ കൊണ്ടുതന്നെ എഴുതിപ്പഠിക്കണം. ഇംഗ്ലണ്ടിലെ കമ്പർലാൻഡ് കുന്നുകളിലെ ബോറോ ഡെയ്ലിൽ ആടിനെ മേയ്ച്ച് നടന്ന ആട്ടിടയന്മാർ ചാരവും കറുപ്പും കലർന്ന ഒരു നിക്ഷേപം കണ്ടെത്തി. ഇത് ഗ്രാഫൈറ്റ് ആയിരുന്നു. നല്ല മയമുള്ളതും തൊട്ടാൽ കൈയിൽ നിറംപറ്റുന്നതുമായ ലെഡ് എന്നാണ് അവർ ഇതിനെ വിളിച്ചത്. കാർബണിന്റെ രൂപാന്തരമായ ഗ്രാഫൈറ്റ് ആണിതെന്ന് ആർക്കും മനസ്സിലായില്ല. ഇതുപയോഗിച്ച് ആടുകളുടെ പുറത്ത് അടയാളമുണ്ടാക്കാമെന്നും ആടുകൾ മാറിപ്പോകാതിരിക്കാൻ ഇത് സഹായിക്കുമെന്നും അവർ മനസ്സിലാക്കി.
ഈ ഗ്രാഫൈറ്റിനെ ചെറിയ കുഞ്ഞുവടികളാക്കി മാറ്റാമെന്നും പിന്നീട് മനസ്സിലാക്കി. ഗ്രാഫൈറ്റ് വടികൾ ഉപയോഗിച്ച് തുടങ്ങിയപ്പോൾ അവ വേഗം പൊട്ടാൻ തുടങ്ങി. ഇതിന് പരിഹാരായി ഈ വടികളെ തടികൾകൊണ്ട് പൊതിയാൻ ആരംഭിച്ചു. അതായത് തടിയുടെ മധ്യത്തിൽ ദ്വാരമിട്ടശേഷം നീണ്ട വടികൾ ഇതിനുള്ളിലാക്കി ഉറപ്പിച്ചു. ഇതായിരുന്നു ഇന്നത്തെ രൂപത്തിലുള്ള ആദ്യത്തെ പെൻസിൽ.
പത്തൊമ്പതാം നൂറ്റാണ്ടോടെ ലോഹനിബ്ബുള്ള സ്റ്റീൽ പേനകൾ യൂറോപ്പിൽ പ്രചാരത്തിലായി. എഴുത്ത് കൂടുതൽ സുഖകരമായെങ്കിലും ഇടയ്ക്കിടെ ഈ പേന മഷിയിൽ മുക്കണമായിരുന്നു. അമേരിക്കക്കാരനായ ലൂയി എഡ്വിൻ വാട്ടർമാനാണ് അകത്ത് മഷി നിറയ്ക്കുന്ന ഫൗണ്ടൻ പേനകൾ 1884ൽ വികസിപ്പിച്ചെടുത്തത്. പിന്നീട് മഷി നിറയ്ക്കുകയോ മുക്കുകയോ വേണ്ടാത്ത ബോൾ പോയിന്റ് പേനകളുമായി ജോസ് ലാസ് ലാസ്സോ സീറോം രംഗത്തെത്തി.
ലോകത്തിന്റെ നാനാഭാഗത്തും കലയ്ക്കും വിദ്യയ്ക്കുമായി ദേവതകളുണ്ട്. ഇന്ത്യയിൽ കലകളുടെ ദേവി സരസ്വതിയാണ്. ഗ്രീക്ക് സംസ്കാരത്തിൽ കലകളുടെ ദേവത മ്യൂസസ് ആണ്. ചൈനയിലാണെങ്കിൽ ‘മാസു’ എന്ന പേരിലാണ് എഴുത്തിന്റെ ദേവത അറിയപ്പെടുന്നത്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം പക്ഷിത്തലയുള്ള ‘തോത്ത്’ എന്ന ദേവനാണ് മനുഷ്യനെ എഴുതാൻ പഠിപ്പിച്ചത്. ഒരു ദിവസം മനുഷ്യരെയെല്ലാം വിളിച്ച് കൂട്ടിയ തോത്ത് തന്റെ നീണ്ട കൊക്ക് കൊണ്ട് മണലിൽ എഴുതി കാണിച്ചത്രേ!