NEWS

ആൻഡ്രോയിഡ് ഫോണിൽ കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനുള്ള 10 വഴികൾ

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് പെട്ടെന്ന് ബാറ്ററി ചാർജ് തീർന്ന് പോകുന്നത്.കൂടുതൽ കരുത്തുള്ള ബാറ്ററികളുമായി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയെങ്കിലും അവയൊന്നും ഉപയോക്താക്കളെ പൂർണമായി തൃപ്തിപ്പെടുത്താറില്ല. പവർ ബാങ്കുകൾ അടക്കമുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്.നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി കൂടുതൽ സമയം ചാർജ് നിൽക്കാനായി ചില കാര്യങ്ങൾ ചെയ്താൽ മതി. എളുപ്പത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ബാറ്ററിയുടെ അളവ് കുറയ്ക്കാനുള്ള 10 മാർഗ്ഗങ്ങൾ പരിശോധിക്കാം.

ബ്രൈറ്റ്നസ് കുറയ്ക്കുക, സ്ലീപ്പ് മോഡ് ഓൺ ചെയ്യുക

സ്‌ക്രീനുള്ള ഏത് ഡിവൈസിലും ബാറ്ററി ലാഭിക്കാനുള്ള ഒരു വഴിയാണ് ഇത്. സ്‌ക്രീനിന്റെ ബ്രൈറ്റ്നസ് 50 ശതമാനമോ അതിൽ താഴെയോ നിലനിർത്തുക. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ബാറ്ററി കൂടുതൽ സമയം നിലനിൽക്കാൻ ഇത് സഹായിക്കും.

പവർ ഹോഗ് കണ്ടെത്തുക

മിനിമൈസ് ചെയ്തെങ്കിലും ക്ലോസ് ചെയ്യാത്ത അപ്ലിക്കേഷനുകൾ‌ എല്ലാവരുടെയും ഫോണിൽ കാണും. ബാഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ ചാർജ്ജ് ധാരാളം ഉപയോഗിക്കും. ആൻഡ്രോയിഡിന് ഒരു ഇൻബിൾഡ് ബാറ്ററി മോണിറ്റർ ഉണ്ട്. ഇതിലൂടെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാം. സെറ്റിങ്സ്> ബാറ്ററി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ഏറ്റവും കൂടുതൽ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളെ കണ്ടെത്താൻ സാധിക്കം. ഇത്തരം ആപ്പുകളെ ഒഴിവാക്കുക.

ബാറ്ററി സേവർ മോഡ് ഓണാക്കുക

എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും പവർ സേവിംഗ്സ് മോഡ് ഇല്ല, എന്നാൽ നിങ്ങളുടെ ഫോണിൽ ബാറ്ററി സേവർ ഉണ്ടെങ്കിൽ ഇത് ചാർജ്ജ് നിലനിർത്താൻ സഹായിക്കും. സാംസങ്, സോണി, മോട്ടറോള, എച്ച്ടിസി ഫോണുകളിൽ ഇത് ഉണ്ട്. നിങ്ങളുടെ ബാറ്ററി ചാർജ്ജ് കുറവായിരിക്കുമ്പോൾ ഈ ഓപ്ഷൻ ഓൺ ചെയ്യാം. ചില ഫോണുകളിൽ ബാറ്ററി ഒരു നിശ്ചിത ശതമാനത്തിൽ താഴെയാകുമ്പോൾ ഓട്ടോമാറ്റിക്കായി പവർ സേവിംഗ്സ് മോഡ് ആക്ടീവ് ആകാനുള്ള സെറ്റിങ്സും ലഭ്യമാണ്.

എൻ‌എഫ്‌സിയും ബ്ലൂടൂത്തും

സ്മാർട്ട്ഫോണുകളിൽ ബാറ്ററി നഷ്ടപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം ബ്ലൂട്യൂത്ത്, എൻഎഫ്സി കണക്ടിവിറ്റികളാണ്. ഇവയിലൂടെ ബാറ്ററി ധാരാളം ചിലവാകും. ആവശ്യമില്ലാത്ത സമയങ്ങളിൽ ഇവ ഓഫ് ചെയ്ത് വയ്ക്കുക എന്നതാണ് ഇക്കാര്യത്തിൽ ഉപയോക്താക്കൾക്ക് ചെയ്യാനുള്ളത്.

ഇരുണ്ട വാൾപേപ്പറുകൾ ഉപയോഗിക്കുക

സ്മാർട്ട്‌ഫോൺ ഡിസ്‌പ്ലേകൾ എൽസിഡി, അമോലെഡ് എന്നിങ്ങനെ പ്രധാനമായും രണ്ട് തരമാണ് ഉള്ളത്. ഡിസ്പ്ലേയിലെ ഓരോ പിക്സലിനെയും പ്രകാശിപ്പിക്കുന്ന ഒരു ബാക്ക്ലൈറ്റിംഗ് സിസ്റ്റമാണ് എൽസിഡി ഉപയോഗിക്കുന്നത്. അമോലെഡ് ഡിസ്പ്ലേകൾക്ക് വേവ്വേറെ കത്തുന്ന പിക്സലുകൾ ഉണ്ട്. നിറങ്ങൾ കാണിക്കാൻ പിക്സലുകൾ പ്രവർത്തിക്കുന്നു. ഡാർക്ക് നിറം കാണിക്കാൻ പിക്സൽ പ്രവർത്തിക്കുന്നില്ല എന്നത് കൊണ്ട് തന്നെ പവർ ലാഭിക്കാം. ഡാർക്ക് വാൾപേപ്പറുകൾ ചാർജ് സംരക്ഷിക്കാൻ സഹായിക്കുന്നത് ഇങ്ങനെയാണ്.

ജിപിഎസ് / ലൊക്കേഷൻ ട്രാക്കിംഗ് ഓഫാക്കുക

ഗൂഗിൾ മാപ്‌സ്, സ്വോം, യെൽപ്പ് എന്നിവ പോലുള്ള നിരവധി ആപ്ലിക്കേഷനുകൾ തത്സമയ ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കുന്നവയാണ്. ഇതിനായി ഫോണിലെ ജിപഎസ് മിക്കപ്പോഴും ഓൺ ചെയ്തിട്ടിരിക്കുകയായിരിക്കും. ഇത് കൂടുതൽ ചാർജ്ജ് നഷ്ടം ഉണ്ടാക്കും. ഇത്തരം ആപ്പുകൾ അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിച്ചാൽ ആപ്പ് ക്ലോസ് ചെയ്യുന്നതിനൊപ്പം ലോക്കേഷൻ ഓഫ് ചെയ്യുക.

വൈബ്രേഷനുകളും അനാവശ്യ ശബ്ദങ്ങളും ഓഫ് ചെയ്യുക

ടച്ച് ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷനുകൾ ശബ്ദങ്ങൾ എന്നിവ തുടങ്ങി പലപ്പോഴും അനാവശ്യമായി പലതും നമ്മുടെ ഫോണിൽ സെറ്റ് ചെയ്തിരിക്കും. യാതൊരു ഉപകാരവുമില്ലാത്ത ഇത്തരം സെറ്റിങ്സ് ഓഫ് ചെയ്തിട്ടാൽ ധാരാളം ബാറ്ററി ലാഭിക്കാൻ സാധിക്കും. വൈബ്രേഷനുകൾക്കും മറ്റുമായി ധാരാളം പവറാണ് ഫോൺ എടുക്കുന്നത്.

വിഡ്ജറ്റുകൾ കുറയ്ക്കുക

ഹോംസ്‌ക്രീനിൽ ഒറ്റനോട്ടത്തിൽ ആവശ്യമുള്ള ഓപ്ഷനുകൾ ലഭ്യമാക്കാനുള്ള മികച്ച മാർഗ്ഗമാണ് വിഡ്ജറ്റുകൾ. ധാരാളം വിഡ്ജറ്റുകൾ ഹോംസ്ക്രീനിൽ സൂക്ഷിക്കുന്നതും ബുധിമുട്ടാണ്. അതുകൊണ്ട് തന്നെ അനാവശ്യ വിഡ്ജറ്റുകൾ ഒഴിവാക്കുക.

ആനിമേഷനുകൾ ഒഴിവാക്കുക

നിങ്ങളുടെ ഫോണിലെ മിന്നുന്ന ആനിമേഷനുകളും ട്രാൻസിഷനുകളും നിങ്ങളുടെ ഫോണിന്റെ ബാറ്ററി കുറയ്ക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഇത്തരം ആനിമേഷനുകൾ പ്രവർത്താക്കാൻ എടുക്കുന്ന ചാർജ്ജ് വളരെ കൂടുതലാണ്. ഇവ ഒഴിവാക്കുന്നതിലൂടെ ധാരാളം ചാർജ് ലാഭിക്കാൻ സാധിക്കും.

കാരറ്റ് എന്ന ആപ്പ് 

സ്മാർട്ട് ഫോണുകളുടെ നിശ്ചിത ഇടവേളകളിലുള്ള ബാറ്ററി ഉപയോഗം കണ്ടെത്തുകയും അവ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്ന ആപ്പുകൾ ഇന്ന് നിരവധിയുണ്ടെങ്കിലും അവയെല്ലാം മറ്റൊരു തരത്തിൽ ബാറ്ററി ഉപയോഗിച്ച് തീർക്കുക മാത്രമാണ് ചെയ്യുന്നത്.

നിലവിലുള്ള ആപ്പുകളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഒന്നാണ് കാരറ്റ് എന്ന ആപ്പ്.ഇത് സ്മാർട് ഫോൺ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന കാരറ്റ് ആപ്പ് ലോകമെമ്പാടും നിരവധി സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ചു വരുന്നു. സാധാരണ ബാറ്ററി സേവിങ് ആപ്പുകളിൽ നിന്നും ആപ്പുകളിൽ നിന്നും വേറിട്ട പ്രകടനമാണ് കാരറ്റ് കാഴ്ച വയ്ക്കുന്നത്.

ഒരോ സ്മാർട്ട് ഫോണിന്റെയും ബാറ്ററി ഉപയോഗം പ്രത്യേകം മനസിലാക്കി കാരറ്റ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗം ഓരോ ഫോണിനും വേണ്ടി പ്രത്യേകമായി തന്നെ ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും മെച്ചപ്പെടുത്താനുമുള്ള സഹായം നൽകും. ആൻഡ്രോയിഡ് 5.0 ലോലിപോപ്പ്, ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ എന്നീ മൊബൈൽ ഒഎസുകളിൽ പ്രവർത്തിക്കുന്ന കാരറ്റ് ആപ്പിന്റെ പുതിയ പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും  ഡൗൺലോഡ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: