പണ്ട് ഇങ്ങനെയായിരുന്നില്ല സോനാഗച്ചി.പൊതുവേ തിരക്ക് കുറഞ്ഞ പ്രഭാതങ്ങളാണ് സോനാഗച്ചിയിലേതെങ്കിലും ഉച്ചകഴിയുന്നതോടെ പലതരം കച്ചവടക്കാരും പെണ്ണുങ്ങളും അവരെ തേടി വരുന്നവരും എല്ലാം സജീവമാകാന്‍ തുടങ്ങും.ആ തിരക്ക് പതിയെ കൂടി കൂടി പാതിരാവും കഴിഞ്ഞ് പുലര്‍ച്ചയോടെ ആണ് അവസാനിക്കുക.രാത്രികളില്‍ ഉത്സവപ്പറമ്പുപോലെ ആകും സോനാഗച്ചി.
പല തരത്തിലുള്ള മേക്കപ്പ് ചെയ്ത് ശരീരവടിവുകള്‍ കൃത്യമായി കാണുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് സോനാഗച്ചിയിലെ തെരുവുകളില്‍ നില്‍ക്കുന്ന പെണ്ണുങ്ങള്‍ ഞങ്ങൾ കാണുമ്പോഴും മാസ്‌ക് ധരിച്ചിരുന്നില്ല.കോവിഡ് കാലം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലൈംഗിക മാർക്കറ്റിനെ എങ്ങനെ ബാധിച്ചു എന്നറിയാൻ ഇറങ്ങിത്തിരിച്ചവരായിരുന്നു ഞങ്ങൾ.ജീവിതം തന്നെ പോസിറ്റീവ് ആയി എടുത്തവർക്ക് അല്ലെങ്കിൽ തന്നെ എന്ത് കോവിഡ്.അതിനേക്കാൾ വലിയ എച്ച്ഐവി വൈറസിനെ കണ്ടിട്ട് ഭയപ്പെട്ടിട്ടില്ല അവർ.അല്ലെങ്കിൽ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എത്രമാത്രം പ്രായോഗികമാണ് മാസ്ക് എന്നതും ഒരു വസ്തുതയാണ്.
കൊല്‍ക്കത്ത നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സോനാഗച്ചി എന്ന പ്രദേശം ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളില്‍ ഒന്നാണ്.വിവിധ ഏജന്‍സികള്‍ നല്‍കുന്ന കണക്ക് പ്രകാരം പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനും ഇടയിലാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ എണ്ണം.ഇരുപത്തിഅയ്യായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ ആളുകളാണ് ഒരുകാലത്ത് പ്രതിദിനം ഇവിടെ സന്ദര്‍ശിച്ചിരുന്നത്.
സോനാഗച്ചിയാണ് ഏറ്റവും പ്രധാനമെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളായ കാളിഘട്ട് , ഉള്‍ട്ടാടാംഗ, ബറയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ലൈംഗിക തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളാണ്.സൊനാഉല്ലാ ഗാസി എന്ന വിശുദ്ധന്റെ പേരില്‍ നിന്നാണ് സോനാഗച്ചി എന്ന പേര് ഉണ്ടായത് എന്നാണ് പൊതുവെ പറയപ്പെടുന്നത്.അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്.ഏതായാലും ബ്രിട്ടീഷ് കാലം തൊട്ടേ സോനാഗച്ചിയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആളുകള്‍ കൂട്ടമായി താമസിച്ചിരുന്നു എന്നതിന് രേഖകളുണ്ട്.
സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളെ സാധാരണ മൂന്ന് തരമായിട്ടാണ് തരംതിരിക്കുക.ഏറ്റവും ഉയര്‍ന്ന ‘എ’ കാറ്റഗറിയില്‍ പ്പെട്ടവര്‍ അവരുടെ റൂമുകളില്‍ ഇരിക്കുകയാണ് ചെയ്യുക.പുറത്തേക്ക് ഇറങ്ങി വന്ന് ക്ലയന്റ്‌സിനെ കണ്ടെത്തുകയില്ല. ദല്ലാളുമാരോ നടത്തിപ്പുകാരോ ഉള്ള ഇത്തരം കേന്ദ്രങ്ങളില്‍ അവരാണ് ക്ലയന്റ്‌സിനെ കണ്ടെത്തുന്നത്.ഇവരാണ് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന കൂട്ടര്‍.
‘ബി’ കാറ്റഗറിയില്‍ പെട്ടവര്‍ നിരത്തുകളില്‍ ഇറങ്ങി ക്ലയന്റ്‌സിനെ കണ്ടെത്തുന്നവരാണ്.ക്ലയന്റിനെ ഇഷ്ടപ്പെടുകയും റേറ്റിന്റെ കാര്യത്തില്‍ തീരുമാനം ആവുകയും ചെയ്താല്‍ അവരുടെ മുറികളിലേക്ക് ക്ലയന്റുമായി അവര്‍ പോകും.തെരുവില്‍ ഇറങ്ങി നിന്ന് ക്ലയന്റ്‌സിനെ കണ്ടെത്തി അവര്‍ പറയുന്നിടത്തേക്ക് കൂടെ പോകുന്നവരാണ് ‘സി ‘വിഭാഗം. ഫ്‌ളോട്ടിംഗ് ഗ്രൂപ്പ് എന്നാണ് പൊതുവെ ഇവരെ പറയുക. ഇവരില്‍ തന്നെ സ്ഥിരമായി സോനാഗച്ചിയില്‍ താമസിക്കുന്നവരും ദിവസവും വന്ന് പോയി തൊഴിലെടുക്കുന്നവരും ഉണ്ട്.
ഇടനിലക്കാരോ കൂട്ടിക്കൊടുപ്പുകാരോ വഴി തൊഴില്‍ ചെയ്യുന്നവര്‍ അവര്‍ക്ക് കമ്മീഷന്‍ കൊടുക്കേണ്ടി വരും.എന്നാല്‍, ഇതിന് റിസ്‌ക് സാദ്ധ്യത കുറവാണ്.സുരക്ഷിതത്വം ഉണ്ടാവും.നേരിട്ട് ക്ലയന്റിനെ സ്വീകരിക്കുന്നവര്‍ക്ക് തുക മുഴുവനായി ലഭിക്കുമെങ്കിലും പറ്റിക്കപ്പെടാനോ മറ്റ് ഉപദ്രവം ഏല്‍ക്കാനോ ഉള്ള സാധ്യത കൂടുതലാണ്.
ഞങ്ങളെ കണ്ടതോടെ കൂട്ടത്തോടെ അവർ അടുത്തു.ഞങ്ങൾ മീഡിയക്കാരാണെന്നും റിപ്പോർട്ടിംഗിനായി കേരളത്തിൽ നിന്നും വന്നതാണെന്നും പറഞ്ഞപ്പോൾ അവർ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ദർബാർ ഹാളിലേക്ക് ഒട്ടൊരു സംശയത്തോടെ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.കാര്യം വിശദമാക്കിയതോടെ സംശയത്തിന്റെ മേലാട ഊരി ഒട്ടും മുഷിയാതെ തന്നെ ഞങ്ങളുടെ ചോദ്യങ്ങൾക്ക് അവർ ഉത്തരവും നൽകാൻ തുടങ്ങി.
കൊറോണ വൈറസ് ബാധ(കോവിഡ്-19)യും അതിനെ തുടര്‍ന്നുള്ള ഭീതിയും ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവിനെയും ബാധിച്ചു എന്നത് അവരുടെ സംസാരത്തിൽ നിന്നുതന്നെ മനസ്സിലാകുമായിരുന്നു.ദിവസേന മുപ്പതിനായിരത്തിലേറെ പേര്‍ വന്നിരുന്ന കൊല്‍ക്കത്തയിലെ സോനാഗാച്ചിയില്‍ ഇപ്പോള്‍ ഇടപാടുകാരുടെ എണ്ണം പതിനായിരത്തില്‍ താഴെ മാത്രമെന്ന് കൊല്‍ക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ഡി.എം.എസ്.എസിന്റെ അധ്യക്ഷകൂടിയായ ബിഷാഖ ഞങ്ങളോട് പറഞ്ഞു.
ഏകദേശം മുപ്പതിനായിരത്തോളം പേരാണ് സ്ഥിരമായി സോനാഗാച്ചിയില്‍ എത്തിയിരുന്നത്.ഇപ്പോഴത് പതിനായിരത്തില്‍ താഴെയായി കുറഞ്ഞു. ചുമയും ജലദോഷവും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ല.അതും ഒരു കാരണമാകാം- ബിഷാഖ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ചുവന്ന തെരുവുകള്‍ എന്നറിയപ്പെടുന്ന ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ചെറുതായി വരുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവായ മുംബൈയിലെ കാമാത്തിപുരയിലും ഡല്‍ഹിയിലെ ചുവന്ന തെരുവായ ജിബി റോഡിലും വേശ്യാലയങ്ങളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതിന് വേറെയും കാരണങ്ങളുണ്ട്.പണം കൊടുത്ത് നേടുന്ന സെക്‌സിനായി ഓണ്‍ലൈന്‍ സൈറ്റുകളും ഹോട്ടല്‍ മുറികളും അപ്പാര്‍ട്ട്‌മെന്റുകളും മസാജ് പാര്‍ലറുകളും സജീവമാണിന്ന്.ഫോണ്‍കോള്‍, വാട്‌സ് ആപ്പ് വഴി ആശയവിനിമയവും സുഗമമായതിനാല്‍ ചുവന്ന തെരുവ് തേടി പോകുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
ഇവരിൽ പലരും വിധവകളോ ഭർത്താവ് ഉപേക്ഷിച്ചവരോ ഒക്കെയാണ്.നാട്ടിൽ മക്കളും പ്രായമായ അച്ഛനും അമ്മയും ഒക്കെ ഉള്ളവർ.ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതാകുകയും നാട്ടിലെ സദാചാരക്കാർ ജീവിക്കാൻ സമ്മതിക്കാതാകുകയും ചെയ്തതോടെ ഒരു സുരക്ഷിത താവളം കണ്ടെത്തിയവർ.ചിലർ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം പട്ടിണിയാണെന്ന തിരിച്ചറിവിൽ വന്നെത്തിയവർ.മൂന്നു നേരം ഭക്ഷണവും സോനാഗച്ചി പോലുള്ള സ്ഥലങ്ങളിലെ സുരക്ഷിതത്വവുമൊന്നും അവർക്ക് ഇന്ത്യയിൽ മറ്റൊരിടത്തും കിട്ടുകയുമില്ല.
സന്ധ്യയുടെ മാസ്മരിക വർണ്ണങ്ങൾക്കുമേൽ ഇരുളിന്റെ കരിനിഴൽ വീണു തുടങ്ങിയിരിക്കുന്നു.തിരിച്ചു നടക്കുമ്പോഴും ഞങ്ങൾക്ക് കാണാമായിരുന്നു അംഗവടിവ് വ്യക്തമാക്കാനായി അൽപ്പവസ്ത്രം മാത്രം ധരിച്ച പെൺകുട്ടികൾ കെട്ടിടങ്ങളുടെ പൂമുഖത്ത് നിന്ന് ചിരിക്കുന്നത്.വെട്ടിയിറക്കിയ ബ്ലൗസുകളിൽ മാറിടങ്ങൾ പാതി പൊതിഞ്ഞ് വയർ അനാവൃതമാക്കിയ സുന്ദരിമാർ.അവരുടെ കണ്ണുകളിലെ പ്രതീക്ഷയുടെ പൊൻ വെളിച്ചം അപ്പോഴും അണഞ്ഞിരുന്നില്ല.കുരുക്കഴിക്കും തോറും കുരുക്കേറുന്ന ജീവിതങ്ങളോട് വിട ചൊല്ലി മെല്ലെ ഞങ്ങൾ അവിടെ നിന്നും നടന്നു മറഞ്ഞു.ചില യാത്രകൾ അങ്ങനെയാണ്.നൊമ്പരപ്പെടുത്താൻ വേണ്ടി മാത്രമുള്ളവ !!