ലണ്ടന്‍: യുക്രൈന്റെ ദക്ഷിണ ഭാഗത്തുള്ള ഖഴ്‌സണ്‍ മേഖലയില്‍ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ഉപയോഗിച്ചു തുടങ്ങുന്നു. അടുത്ത ഒന്നുമുതല്‍ റൂബിളിലേക്കു മാറുമെന്നു റഷ്യന്‍ അനുകൂല സമിതി ഉദ്യോഗസ്ഥന്‍. മേഖലയുടെ െസെനിക- സിവില്‍ ഭരണം തീരുമാനിക്കുന്ന സമിതിയാണിത്. റൂബിള്‍ പൂര്‍ണമായും പ്രചാരത്തിലെത്താന്‍ നാലു മാസമെടുക്കും. അതുവരെ യുക്രൈന്‍ കറന്‍സിയായ ഹറീവ്‌ന്യൂ കൂടി ഉപയോഗത്തിലുണ്ടാകുമെന്നും കിറില്‍ സ്‌ട്രെമൗസൗ വ്യക്തമാക്കി. ഖഴ്‌സണ്‍ മേഖലയുടെ പൂര്‍ണ നിയന്ത്രണം െകെവന്നതായി ചൊവ്വാഴ്ച റഷ്യ വ്യക്തമാക്കിയിരുന്നു.
തന്ത്രപ്രധാനമായ ഇടമാണിത്. ക്രിമിയന്‍ ഉപദ്വീപിനെയും റഷ്യയെ പിന്തുണയ്ക്കുന്ന വിമത മേഖലയെയും ബന്ധിപ്പിക്കുന്ന ഇടം. ഖഴ്‌സണില്‍ റഷ്യ അവരുടെ ആളെ മേയര്‍ ആക്കിയെന്നാണ് യുക്രൈന്‍ ചൂണ്ടിക്കാട്ടുന്നത്. മേഖലാ ആസ്ഥാനത്തിന്റെ നിയന്ത്രണം അവര്‍ ഏറ്റെടുത്തെന്നും യുക്രൈന്‍ പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. റഷ്യ പിടിച്ചടക്കിയ നഗരകേന്ദ്രങ്ങളില്‍ ഏറ്റവും വലുതാണിത്.