NEWS

കറാച്ചിയിൽ സ്വയം പൊട്ടിത്തെറിച്ചത് ഉന്നത ബിരുദധാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും 

കറാച്ചി: കറാച്ചിയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് ബലൂചിസ്ഥാൻ സ്വദേശിയായ യുവതി. ബലൂചിസ്ഥാനിലെ തർബാത് നിയാസർ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേർ ബോംബാക്രമണം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
30 വയസ്സുകാരിയായ ഷാറി ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റിപ്പോർട്ട്. എം.ഫിൽ ഗവേഷകയായിരുന്ന ഇവർ ഒരു സ്കൂളിൽ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് ദന്തഡോക്ടറാണ്.എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.രണ്ടുവർഷം മുമ്പാണ് ഷാറി ബി.എൽ.എ.യുടെ മജീദ് ബ്രിഗേഡിൽ അംഗമായതെന്നാണ് വിവരം.മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്ക്വാഡിലായിരുന്നു ഷാറിയുടെ പ്രവർത്തനം.
കറാച്ചി സർവകലാശാലയിൽ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സർവകലാശാലയിലെ കൺഫ്യൂഷസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിന് മുന്നിലായിരുന്നു സ്ഫോടനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് ഇതൊരു ചാവേർ ആക്രമണാണെന്ന് കണ്ടെത്തിയത്. ബുർഖ ധരിച്ചെത്തിയ സ്ത്രീ സ്ഥാപനത്തിന്റെ കവാടത്തിന് സമീപം നിൽക്കുന്നതും സ്ഥാപനത്തിലേക്കുള്ള വാഹനം ഇവരുടെ സമീപത്ത് എത്തുമ്പോൾ സ്ഫോടനമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

Back to top button
error: