NEWS

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സമരം ഏതു പേരിലായാലും അവശ്യ സർവ്വീസ് പരിപാലന നിയമ പ്രകാരം തടയേണ്ടതാണെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ സമരത്തിനെതിരെ അരുൺ ജോസ് ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം, അസോസിയേഷൻ ഏതു പേരിലും നടത്തുന്ന സമരം സർക്കാർ കേരള അവശ്യ സർവ്വീസ് പരിപാലന നിയമ പ്രകാരം തടയേണ്ടതാണെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി മാനേജ്മെന്റ് സ്വീകരിക്കേണ്ടതാണെന്നും, ഉത്തരവായി.ബോർഡും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ സർക്കാരിന് മധ്യസ്ഥത വഹിയ്ക്കാമെന്നും പൊതുജന നന്മ ലാക്കാക്കി സമാധാനപരമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കണ്ടെത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്ക് പണിമുടക്കി സമരം ചെയ്യുവാൻ അവകാശമില്ലെന്ന മുൻ വിധി ഉദ്ധരിച്ച കോടതി തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അവകാശം എടുത്തു പറയുകയും ചെയ്തു.
 വൈദ്യുതി വിതരണം അവശ്യ സേവനമാണെന്നും, സംസ്ഥാനത്ത് ആ സേവനം ലഭ്യമാക്കുന്നതിന് ബോർഡ് അല്ലാതെ മറ്റ് ഏജൻസികളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജോലിയിൽ നിന്നും വിട്ടുനിൽക്കുക വഴി വൈദ്യുതി വിതരണത്തിന് തടസ്സം സൃഷ്ടിയ്ക്കുന്നവർ സമൂഹത്തിന്റെ സാധാരണ ജീവിതമാണ് തകിടം മറിയ്ക്കുന്നതെന്നും, ആയത് സർക്കാർ നിർബന്ധമായും തടയണമെന്നും വിധിയിൽ പറയുന്നു.

Back to top button
error: