KeralaNEWS

നിരത്തുകളിൽ പിടഞ്ഞു മരിക്കുന്നത് എണ്ണമറ്റ നിരപരാധികൾ, അശ്രദ്ധയും അമിതവേഗതയും കൊണ്ട് വീഥികളെ ചോരപ്പുഴയാക്കി മാറ്റുന്ന മനോവൈകൃതക്കാരെ പൂട്ടാൻ നിയമത്തിനു കഴിയില്ലേ…?

വൈക്കം തലയോലപ്പറമ്പില്‍ ബൈക്ക് അപകടത്തിൽ എസ്.ഐ മരിച്ചത് ഇന്നലെ രാത്രിയാണ്. ഡ്യട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും- പൊതിപാലത്തിനും സമീപം ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം.

എതിര്‍ ദിശയില്‍ നിന്നും വന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കോട്ടയ്ക്കൽ ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രിൻ മരണപ്പെട്ടതും ഇന്നലെ തന്നെ. പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് രാത്രി എട്ടോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: സമീറ. മക്കൾ: ഷംലാജ്, ഷാൻഷ,

റണാകുളം പള്ളുരുത്തി സ്വദേശി ഷംലയുടെ മകൻ കെ.എൻ നിയാസ് (25) സ്കൂട്ടർ അപകടത്തിൽ മരിച്ചത് ഇന്ന് പുലർച്ചെ. താനൂർ ചിറമംഗലത്ത് വച്ച് നിയാസിൻ്റെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 6.20 തോടെയാണ്
അപകടം സംഭവിച്ചത്. നിയാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണ്ണമായും തകർന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്.

ശ്രീകണ്ഠപുരം കോട്ടൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് മുനവ്വിർ (23) മരിച്ചതും ഇന്ന് രാവിലെ. കോട്ടൂരിൽ വെച്ച് രാവിലെ 9 മണിക്ക് ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഇരിക്കൂർ വയക്കാൻ കോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ മരിച്ചത്. സ്കൂളിന് സമീപം ആണ് അപകടം നടന്നത്.

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റ് ഇടിച്ച് തകർത്ത് മറിഞ്ഞ് പിറകിലിരുന്ന വിദ്യാർഥിനി മരിച്ചത് കഴിഞ്ഞ ദിവസമാണ്. രാമങ്കരി ‘തിരുവാതിര’യിൽ മോഹനന്റെയും ശുഭയുടെയും മകൾ അനുപമ മോഹൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൂട്ടിക്കൽ ഓലിക്കപാറയിൽ അമീറി(21)നെ ഗുരുതര പരിക്കുകളോടെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളാണ്.

രാജ്യാന്തര ബൈക്ക് റൈഡറായ കോഴിക്കോട്  ബാലുശ്ശേരി സ്വദേശി ജപിൻ ജയപ്രകാശ് (37) ബൈക്ക് അപകടത്തിൽ മരിച്ചതും കഴിഞ്ഞ ദിവസം. ഫുജൈറ ദിബ്ബയിൽ വച്ചാണ് അപകടം നടന്നത്. ബൈക്ക് റൈഡിനിടെയാണ് ജപിൻ ജയപ്രകാശിന് അപകടം സംഭവിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ജപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജപിൻ ജയപ്രകാശിന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞു പോകുന്നവരുടെ നിര ഇങ്ങനെ നീളുകയാണ്.
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മദ്യത്തിൻ്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവുമാണ് ഈ അപകടങ്ങൾക്കു കാരണം.
നിരത്തുകളിൽ ഒരു പറ്റം യുവാക്കൾ കാട്ടുന്നത് തികഞ്ഞ മനോവൈകൃതമാണ്. ശരവേഗത്തിൽ പാഞ്ഞു പോകുന്ന കൗമാരക്കാർക്കും യുവാക്കൾക്കും പൂട്ടിടാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്കു കഴിയുന്നില്ല. പൊലീസും മോട്ടോർ വാഹന വകുപ്പുമൊക്കെ നിരത്തുകളിലൂടെ സദാ റോന്തു ചുറ്റുന്നുണ്ടെങ്കിലും ഈ വിരുതന്മാരെ ഇവരൊന്നും ഗൗനിക്കാറില്ലെന്നു തോന്നുന്നു.

തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിഞ്ഞു വീഴ്ത്തുന്ന ഒരുവനെ കഴിഞ്ഞ ദിവസം കണ്ണൂരിൽ പൊലീസ് പിടികൂടി.
എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്താല്‍ അതിന് നേരെ കല്ലെറിയുന്ന ചാല ഈസ്റ്റ് പൊതുവാച്ചേരി സ്വദേശി ഷംസീര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിനു മുന്നിലെ ബാഗില്‍ ഇയാള്‍ കല്ലുകള്‍ സൂക്ഷിച്ചിരിക്കും. ആംബുലന്‍സിന്റേതടക്കം ചില്ലുകള്‍ ഇയാള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.
തന്റെ വാഹനത്തിന് മുന്നിലേക്ക് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നാല്‍ കല്ലെറിയും എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കർശന നിർദേശം. അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശുപാർശ. അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസത്തേക്കായിരിക്കും ലൈസൻസും സസ്പെൻഡ് ചെയ്യുന്നത്.
പക്ഷേ ഈ പ്രഖ്യാപനം കൊണ്ടൊക്കെ കാര്യമായ ഫലം ലഭിക്കുമോ എന്നു കണ്ടറിയണം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: