NEWS

പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും; വ്യാജചികിത്സകരെ കരുതിയിരിക്കുക

പ്രമേഹത്തെക്കുറിച്ച് ഒട്ടേറെ അബദ്ധ ധാരണകൾ നിലനിൽക്കുന്നുണ്ട്. എന്താണ് പ്രമേഹമെന്നും പുതിയ ചികിത്സാരീതികൾ എങ്ങനെയാണെന്നും മനസ്സിലാക്കിയാൽ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും.
പ്രമേഹത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. എന്താണ് പ്രമേഹം, പ്രമേഹം എങ്ങനെ ഉണ്ടാവുന്നു എന്നുതുടങ്ങി പ്രതിരോധം, ചികിത്സ, മരുന്നുകൾ, സങ്കീർണതകൾ, ഭക്ഷണം ഉൾപ്പെടെ സകലകാര്യങ്ങളിലും അബദ്ധധാരണകളാണ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനിടവരുത്തുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇക്കാര്യം പലരും മനസ്സിലാക്കുന്നത്, കുറേ ‘തട്ടിപ്പ് ചികിത്സ’കളിലും അശാസ്ത്രീയമായ ഉപദേശങ്ങളിലും വിശ്വസിച്ച് സമയം പാഴാക്കി, ഒടുവിൽ രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ്.
പ്രമേഹത്തെക്കുറിച്ച് ശാസ്ത്രീയമായി ഒട്ടേറെ വിവരങ്ങൾ ലഭ്യമാണെങ്കിലും അതൊന്നും അറിയാൻ മെനക്കെടാതെ വസ്തുതകളുടെ യാതൊരു അടിത്തറയുമില്ലാത്ത കള്ളപ്രചാരണങ്ങൾക്ക് പിന്നാലെ പോകുന്നവർ കുറവല്ല.
പഞ്ചസാരയും പ്രമേഹവും
”എനിക്ക് പ്രമേഹം വരാൻ ഒരു സാധ്യതയും ഇല്ല സാർ, ചെറുപ്പം മുതലേ പഞ്ചസാര വളരെ കുറച്ചേ കഴിക്കാറുള്ളൂ”, എന്ന് വാദിക്കുന്ന ചില രോഗികളെ കാണാറുണ്ട്. പഞ്ചസാര കഴിക്കുന്നതുകൊണ്ടല്ല പ്രമേഹം വരുന്നത് എന്ന് മനസ്സിലാക്കുക. എന്നാൽ വെളുത്ത വിഷം (White Poison) എന്നറിയപ്പെടുന്ന പഞ്ചസാര അധികം കഴിക്കുന്നത് നല്ലതുമല്ല. മലയാളികൾ പൊതുവേ കഴിക്കുന്ന ഭക്ഷണത്തിൽ അന്നജം കൂടുതലാണ്. അതിനുപുറമേ അമിതമായി മധുരം കഴിക്കുകകൂടി ചെയ്താൽ ബീറ്റാ കോശങ്ങൾക്ക് കഠിനമായി ജോലിചെയ്യേണ്ടിവരുന്നു.
അന്നജം വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസ് രക്തത്തിൽനിന്ന് കോശങ്ങളിലേക്ക് പ്രവേശിക്കാൻ ഇൻസുലിൻ കൂടിയേ തീരൂ. പഞ്ചസാര/അന്നജം അമിതമായി എത്താൻ തുടങ്ങുന്നതോടെ പാൻക്രിയാസ് ഗ്രന്ഥിക്ക് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടി വരും. ഇത് ക്രമേണ ബീറ്റാ കോശങ്ങളുടെ നാശത്തിന് കാരണമാകും. അതോടെ ഇൻസുലിൻ ഉത്പാദനശേഷി കുറയും. അപ്പോഴാണ് പ്രമേഹം ആരംഭിക്കുന്നത്. ഇൻസുലിൻ ഉത്പാദന ശേഷി കൂട്ടുക എന്നതാണ് ഈ അവസരത്തിൽ മരുന്നുകളുടെ ധർമം. ചുരുക്കത്തിൽ പഞ്ചസാര കഴിക്കുന്നതുകൊണ്ടുമാത്രമല്ല പ്രമേഹം വരുന്നത്.
ടൈപ്പ് 2 പ്രമേഹം ജീവിതശൈലി രോഗമാണ്. ആഹാരക്രമത്തിലെ പ്രശ്നങ്ങൾ, വ്യായാമക്കുറവ്, ശരീരത്തിന്റെ അമിതഭാരം എന്നിങ്ങനെ പല കാരണങ്ങൾ ഒന്നിച്ചുവരുമ്പോഴാണ് പ്രമേഹമുണ്ടാവുന്നത്. അച്ഛനും അമ്മയ്ക്കും പ്രമേഹം ഉള്ളതുകൊണ്ടാണ് എനിക്കും വന്നത് എന്ന് സ്വയം ആശ്വസിക്കുന്നവരുമുണ്ട്. മാതാപിതാക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാൻ സാധ്യത കൂടുതലാണ് എന്നത് ശരിതന്നെ. എന്നാൽ ഈ സാധ്യത മുന്നിൽകണ്ട് ജീവിതശൈലി ക്രമീകരിച്ചാൽ പ്രമേഹത്തെ തടയാവുന്നതേയുള്ളൂ.
ലഡ്ഡു തിന്നാൽ പ്രമേഹം മാറുമോ
‘മധുരം കഴിച്ച് പ്രമേഹം മാറ്റാം!’ പ്രമേഹമുള്ളവരുടെ മനസ്സു കുളിർപ്പിക്കുന്ന ഈ വാർത്തയ്ക്ക് അടുത്തകാലംവരെ വലിയ പ്രചാരം കിട്ടിയിരുന്നു. പ്രമേഹമുള്ളവരിൽ ഭൂരിഭാഗം ആളുകളും മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രമേഹം കണ്ടുപിടിച്ചാൽ പിന്നെ മധുരം കഴിക്കാൻ പറ്റില്ല എന്നുകരുതി ലക്ഷണങ്ങൾ കണ്ടാലും രക്തപരിശോധനയ്ക്ക് മടിക്കുന്നവരുമുണ്ട്. അപ്പോഴാണ് മധുരം, അതും ലഡ്ഡു കഴിച്ചുകൊണ്ട് പ്രമേഹം ചികിത്സിക്കുന്ന സൂത്രവിദ്യ വരുന്നത്. മധുരചികിത്സയ്ക്ക് വിധേയനായി പ്രമേഹം ഗുരുതരാവസ്ഥയിലെത്തിയ യുവാവിന്റെ അനുഭവമാണ് ഇനി പറയാൻ പോകുന്നത്. മധുരചികിത്സതേടി ചെല്ലുമ്പോൾ അയാൾ മുൻപ് കഴിച്ചുകൊണ്ടിരുന്ന ഗുളികകൾ കൈയിൽ കരുതിയിരുന്നു. ”ഇത്ര വലിയ ഗുളികകളൊന്നും നിങ്ങൾ കഴിക്കേണ്ടതില്ല. ഒരു ചെറിയ ഗുളിക തരും, അതുമാത്രം കഴിച്ചാൽ മതി, പ്രമേഹം നിയന്ത്രിക്കാം”, എന്നാണ് ‘ഡോക്ടർ’ പറഞ്ഞത്. ആദ്യത്തെ ഗുളികകൾ കളയാനും നിർദേശിച്ചു. അവർ കൊടുക്കുന്ന ചെറിയ ഗുളികയ്ക്കൊപ്പം ഒരു ലഡ്ഡുകൂടി കഴിക്കണം. മധുരം കഴിച്ചാൽ മാത്രമേ മരുന്ന് പ്രവർത്തിക്കൂ. ഈ കുഞ്ഞുഗുളികതന്നെ കുറച്ചുനാൾ കഴിഞ്ഞാൽ പകുതിയാക്കാം. അപ്പോൾ ലഡ്ഡുവും പകുതി മതി. ചികിത്സാക്രമങ്ങൾ കൃത്യമായി പാലിക്കുന്നയാൾക്ക് ആറുമാസംകൊണ്ട് ഗുളിക ഉപേക്ഷിക്കാം! കഠിന വ്യായാമമോ ശരീരമിളകിയുള്ള നടത്തമോ ഒന്നും മധുരചികിത്സയിൽ ആവശ്യമില്ല എന്നതാണ് മറ്റൊരു ആകർഷണം.
”ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ പോയി. പിന്നെ അവർ പറഞ്ഞതൊന്നും കൃത്യമായി പാലിക്കാൻ പറ്റാതായി. അതുകൊണ്ടാണ് പ്രമേഹം കൂടിയത്” എന്നാണ് അയാളുടെ വിശ്വാസം. ചിലപ്പോൾ മരുന്നുകഴിച്ചാൽ വലിയ തളർച്ച അനുഭവപ്പെട്ടതായും അയാൾ പറഞ്ഞു.
വാസ്തവത്തിൽ, തുടക്കത്തിൽ ശക്തിയേറിയ മരുന്നുകളാണ് ഇവിടെ ലഡ്ഡുവിനൊപ്പം കൊടുക്കുന്നത്. ആ മരുന്നുകഴിക്കാൻ മാത്രം ഗുരുതരമല്ല അയാളുടെ രക്തത്തിലെ പഞ്ചസാര എന്നതിനാൽ അതുകഴിച്ചാൽ ഷുഗർ പെട്ടെന്ന് കുറഞ്ഞുപോകും. അതൊഴിവാക്കാനാണ് ലഡ്ഡു കഴിപ്പിക്കുന്നത്. ആറുമാസമൊന്നും ഇത് തുടരാൻ സാധിക്കില്ല. ഇവർക്കാർക്കും പ്രമേഹം മാറാനും പോകുന്നില്ല. ആഹാരക്രമീകരണമോ വ്യായാമമോ കൊണ്ടുതന്നെ നിയന്ത്രിക്കാവുന്ന പ്രാരംഭദശയിലുള്ള പ്രമേഹം ഉയർന്ന ഡോസ് മരുന്നുകൊടുത്ത് സങ്കീർണമാക്കുകയാണ് പലപ്പോഴും ഇത്തരം വ്യാജചികിത്സകർ ചെയ്യുന്നത്.
രോഗികളെ തെറ്റിദ്ധരിപ്പിക്കുംവിധം സോഷ്യൽമീഡിയയിൽ എന്തെങ്കിലുമൊക്കെ എഴുതിവിടുന്ന ആരും അബദ്ധം മനസ്സിലാക്കിയശേഷം കുറ്റസമ്മതം നടത്താറില്ല, അത് തിരുത്താറുമില്ല എന്നത് ഇവിടെ പ്രസക്തമാണ്.
രോഗത്തെക്കാൾ പേടി ചികിത്സയോട്
മലയാളികളിൽ പൊതുവെ കണ്ടുവരുന്ന പ്രവണതയാണ് ചികിത്സയോടും മരുന്നിനോടുമുള്ള ഭയം. പ്രമേഹമുള്ളവർക്ക് തുടക്കത്തിൽ മരുന്നിന്റെ ആവശ്യമില്ല. ഭക്ഷണനിയന്ത്രണത്തിലും വ്യായാമത്തിലും ചികിത്സ ഒതുക്കാം. ഇത് പ്രമേഹം ആരംഭദശയിൽതന്നെ കണ്ടുപിടിക്കാൻ സാധിച്ചാലുള്ള കാര്യമാണ്. യഥാസമയം രക്തപരിശോധന നടത്തി രോഗം കണ്ടുപിടിക്കാത്തവർ ഷുഗർനില വളരെ ഉയർന്ന ശേഷമായിരിക്കും ചികിത്സ തേടിയെത്തുന്നത്. അപ്പോൾ ചികിത്സയുടെ ആദ്യഘട്ടം മുതൽ തന്നെ മരുന്നുകൾ വേണ്ടിവരും.
പ്രമേഹത്തെക്കുറിച്ചുള്ള അല്പധാരണകളും അബദ്ധധാരണകളും മനസ്സിൽവെച്ച് വലിയ പേടിയോടെയാണ് പലരും ചികിത്സയെ സമീപിക്കുന്നത്. ഇതൊരു സാധാരണ പ്രശ്നമാണെന്നും കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹമുണ്ടെന്നും അല്പം ശ്രദ്ധയും കൃത്യമായ ചികിത്സയും കൊണ്ട് ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുപോകാമെന്നുമൊക്കെയുള്ള കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തുകയാണ് ചികിത്സകരുടെ ആദ്യ ജോലി.
ചികിത്സ തുടങ്ങി ഷുഗർ ഏതാണ്ട് നോർമലായിക്കഴിഞ്ഞാൽ പിന്നെ എങ്ങനെയെങ്കിലും മരുന്ന് നിർത്തണമെന്ന ചിന്തയാണ് പ്രമേഹമുള്ളവർക്ക്. മരുന്നിന് ചെലവാകുന്ന പണമൊന്നുമല്ല പ്രശ്നം; ചില തെറ്റിദ്ധാരണകളാണ് അവരെക്കൊണ്ടങ്ങനെ ചിന്തിപ്പിക്കുന്നത്
പ്രമേഹത്തിന് ഗുളിക കഴിച്ചാൽ വൃക്ക തകരാറിലാകും എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. 25 കൊല്ലം മരുന്നുകഴിച്ചു, ഒടുവിൽ വൃക്ക നശിച്ചു എന്നുപറയാൻ അമ്മാവന്റെയോ അയൽക്കാരന്റെയോ ഒക്കെ കഥയുമുണ്ടാകും. യഥാർഥത്തിൽ 25 കൊല്ലം അയാൾ ജീവിച്ചിരുന്നത്, പ്രമേഹമരുന്നുകൾ കഴിച്ചതുകൊണ്ടാണ് എന്നകാര്യം മനസ്സിലാക്കണം. ഹൃദയം, വൃക്ക, കണ്ണ് അടക്കമുള്ള ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ക്രമേണ ബാധിക്കുന്ന അസുഖമാണ് പ്രമേഹം. മരുന്നുകളിലൂടെ ഈ സങ്കീർണതകൾ വരാതെ പരമാവധി നീട്ടിക്കൊണ്ടുപോകാൻ പറ്റും. എന്നുവെച്ചാൽ, പ്രമേഹമരുന്നുകളല്ല, പ്രമേഹം തന്നെയാണ് വൃക്കകളെ നശിപ്പിക്കുന്നത്. മരുന്നുകൾ ആ നാശത്തെ തടയുകയോ നീട്ടിക്കൊണ്ടുപോവുകയോ ആണ് ചെയ്യുന്നത്. ഷുഗർനില വർധിച്ചുനിൽക്കുമ്പോൾ വൃക്കയ്ക്കുള്ളിലെ രക്തക്കുഴലുകൾ നശിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ക്രമേണ വൃക്കനാശത്തിന് ഇടവരുത്തും. കൃത്യമായി മരുന്നുകഴിക്കുന്നവർക്ക് ഷുഗർ കൂടുന്നില്ലല്ലോ. പ്രമേഹം, അമിതരക്തസമ്മർദം, കൊളസ്ട്രോൾ പ്രശ്നങ്ങൾ തുടങ്ങി വൃക്കകൾക്ക് പ്രശ്നമുണ്ടാക്കാനിടയുള്ള രോഗാവസ്ഥകൾ കൃത്യമായി മരുന്നുകഴിച്ച് വരുതിയിൽ നിർത്തുക, വൃക്കനാശമുണ്ടാക്കാനിടയുള്ള വേദനസംഹാരികളും മരുന്നുകളും മറ്റും ഒഴിവാക്കുക എന്നിവയാണ് വൃക്കകളുടെ ആരോഗ്യസുരക്ഷയ്ക്കുള്ള മാർഗങ്ങൾ.
ചില വേദനസംഹാരികളുടെ അമിതോപയോഗം വൃക്കയെ ബാധിക്കാറുണ്ട്. എന്നാൽ, പ്രമേഹ മരുന്നുകൾ ഒന്നുംതന്നെ വൃക്കയെ ദോഷമായി ബാധിക്കുന്നവയല്ല.
ഇൻസുലിനോ? ജീവിതം തീർന്നു!
ഇൻസുലിൻ എന്നു കേൾക്കുമ്പോഴേ പേടിയാണ് പലർക്കും. രോഗം ഗുരുതരമാണ്, ജീവിതം തീർന്നു എന്ന് ഭയപ്പെടുന്നവരുമുണ്ട്. പ്രമേഹം ക്രമേണ കൂടുന്ന രോഗമാണെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഷുഗർനില സാധാരണഗതിയിൽ നിലനിർത്താം. പ്രമേഹം കൂടിക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞാൽ, ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണർഥം. മരുന്നുകൊണ്ടുമാത്രം പ്രമേഹം നിയന്ത്രണത്തിലാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻ കൂടി ഉൾപ്പെടുത്തുന്നത്. ചിലപ്പോൾ പലതവണയായി ഇൻസുലിൻ എടുക്കേണ്ടി വരും. ഇതിന് സൗകര്യപ്രദമായ പല മാർഗങ്ങൾ ഇന്നുണ്ട്. ബാല്യം മുതൽ ഇൻസുലിനെടുത്ത് ആരോഗ്യത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുള്ളപ്പോഴാണ് പലരും ഇൻസുലിനെ ഇങ്ങനെ ഭയപ്പെടുന്നത്.
പ്രമേഹം നിയന്ത്രണത്തിലായാൽ ഇൻസുലിൻ നിർത്താമോ എന്നത് പലരുടെയും ചോദ്യമാണ്. ചികിത്സിക്കുന്ന ആളുടെ താത്പര്യപ്രകാരമാണ് ഇൻസുലിനെടുക്കുന്നത് എന്നാണ് ഈ ചോദ്യംകേട്ടാൽ ആദ്യംതോന്നുക! ഷുഗർനില സാധാരണമാകാനാണ് ഇൻസുലിൻ എടുക്കുന്നതെന്നും ഇൻസുലിനെടുക്കുന്നതുകൊണ്ടാണ് ഷുഗർ താഴ്ന്നതെന്നും രോഗി ഓർക്കുന്നേയില്ല.
സർജറി പോലെയുള്ള ചില പ്രത്യേക സാഹചര്യത്തിൽ ടൈപ്പ് 2 പ്രമേഹബാധിതർക്ക് താത്കാലികമായി ഇൻസുലിനെടുക്കാറുണ്ട്. മുറിവുകൾ ഉണങ്ങാതെ വരുമ്പോഴും ഗർഭകാല പ്രമേഹമുള്ളവരിലും ഇങ്ങനെ ചെയ്യാറുണ്ട്. ആ സാഹചര്യം മാറിക്കഴിഞ്ഞാൽ പിന്നെ ഇൻസുലിൻ തുടരാറില്ല. അതുപോലെ ആരംഭഘട്ടത്തിൽ രണ്ടുമൂന്ന് ആഴ്ചത്തേക്ക് ഇൻസുലിൻ നൽകി പ്രമേഹം നിയന്ത്രണത്തിലാക്കിയശേഷം മരുന്നിലേക്ക് മാറുന്നതും സാധ്യമാണ്.
എന്തുതന്നെയായാലും ഇൻസുലിൻ ജീവിതത്തിന്റെ അവസാനമല്ല. അത് പ്രമേഹമുള്ളവർക്ക് ഏതാപത്തിലും ഒപ്പംനിന്നുപോരാടുന്ന ചങ്ങാതിയെപ്പോലെയാണ്. സുരക്ഷാകവചമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റെല്ലാം ദഹനപ്രക്രിയയിലൂടെ പഞ്ചസാര (Glucose) ആയി മാറുന്നു. എന്നാൽ ഈ ഗ്ലൂക്കോസിന് ശരീരകോശങ്ങളിലേക്ക് കയറാൻ പറ്റില്ല. ഇൻസുലിനോ മരുന്നോ കൊടുക്കുമ്പോൾ ശരീരകോശങ്ങൾക്ക് ആ പഞ്ചസാര ഉപയോഗിക്കാൻ സാധിക്കും. ഇല്ലെങ്കിൽ രക്തത്തിൽ പഞ്ചസാര കൂടിയിരിക്കും; കുറേ മൂത്രത്തിലൂടെ പുറത്തുപോവുകയും ചെയ്യും. അതുകൊണ്ടാണ് പ്രമേഹരോഗികൾ മെലിഞ്ഞുപോകുന്നത്. മരുന്നിലൂടെ ഗ്ലൂക്കോസ് ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കുമ്പോൾ ശരീരം മെച്ചപ്പെടുകയും ചെയ്യും. കാർബോഹൈഡ്രേറ്റിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് മാത്രമല്ല ശരീരത്തിന് ഇൻസുലിന്റെ ആവശ്യം വരുന്നത്. പ്രോട്ടീനിന്റെയും കൊഴുപ്പിന്റെയും സംസ്കരണത്തിനും ഇൻസുലിൻ കൂടിയേതീരൂ. അതുകൊണ്ടാണ് ഇൻസുലിൻ കുറയുമ്പോൾ ശരീരം അത്രയേറെ ക്ഷീണിക്കുന്നത്.
കഴിക്കുന്നത് സമീകൃത ഭക്ഷണമോ?
നമ്മളെ സ്വാധീനിക്കുന്നത് രണ്ടുതരം ഭക്ഷണങ്ങളാണ്. സൗകര്യപ്രദമായ ഭക്ഷണം, ആകർഷകമായ ഭക്ഷണം. പുട്ടും പഴവും പഞ്ചസാരയും സൗകര്യപ്രദമായ ഭക്ഷണമാണ്. പക്ഷേ, അതൊരിക്കലും സമീകൃതാഹാരമല്ല. ഉപ്പുമാവും പഴവും ആയാലും അങ്ങനെത്തന്നെ. എല്ലാം കാർബോഹൈഡ്രേറ്റ്. പ്രോട്ടീൻ അടങ്ങിയ കടലയോ പയറോ പരിപ്പോ (protein) കൂടെ ചേർക്കുമ്പോഴേ അത് ആരോഗ്യദായകമായ ഭക്ഷണരീതി ആവുകയുള്ളൂ. പ്രമേഹമുള്ളവരിലും ഇല്ലാത്തവരിലും ഇതിന് മാറ്റമില്ല.
പൊതുവേ ഫാസ്റ്റ് ഫുഡ് ലേബലിൽ വരുന്നവയെയാണ് ആകർഷകമായ ഭക്ഷണം എന്നർഥമാക്കുന്നത്. എണ്ണയും കൊഴുപ്പും കൂടുതലുള്ളതുകൊണ്ട് അവയ്ക്ക് രുചി കൂടും. പച്ചക്കറികൾ കഴിക്കാതിരിക്കാൻ കാരണമായി പറയുക വിഷമാണ് എന്നാണ്. പകരം കഴിക്കുന്ന ഫാസ്റ്റ് ഫുഡുകളിലും ടിൻ ഫുഡുകളിലും പാനീയങ്ങളിലും ഉള്ളത് അതിനെക്കാൾ ശരീരത്തിന് അപകടമുണ്ടാക്കുന്നവയാണ് എന്ന് ഓർക്കുന്നേയില്ല. പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, സോയബീൻ തുടങ്ങിയ പയർവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കില്ല. പ്രോട്ടീൻ സമൃദ്ധവുമാണ്. ഫൈബർ ധാരാളം ഉള്ളതിനാൽ ദഹനം സാവധാനത്തിലാക്കാനും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
തെറ്റായ ഭക്ഷണശീലങ്ങളാണ് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കാൻ കാരണമാവുന്നത്. പിറന്നാളിലും വിജയങ്ങൾക്കും ആഘോഷിക്കാൻ അതിമധുരം തന്നെ വേണം. ചെറുപ്പംമുതൽ അറിയാതെവരുന്ന ഇത്തരം ഭക്ഷണശീലങ്ങൾ ബോധപൂർവം ഒഴിവാക്കാൻ പഠിക്കണം.
കുട്ടികളും പ്രമേഹവും
ചെറിയ കുട്ടികളിൽ സാധാരണ കണ്ടുവന്നിരുന്നത് ടൈപ്പ് 1 പ്രമേഹമാണ്. ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണമാവാം, ടൈപ്പ് 2 പ്രമേഹവും ഇപ്പോൾ ധാരാളമായി കുട്ടികളിൽ വന്നുതുടങ്ങിയിട്ടുണ്ട്. വണ്ണക്കൂടുതലുള്ള കുട്ടികളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമെ ‘MODY’ (Maturtiy Onset Diabetes of the Young) എന്ന പ്രശ്നവും കുട്ടികളിൽ കണ്ടുവരുന്നു. ഇതിന് പലപ്പോഴും കാരണമാകുന്നത് ജനിതക പ്രശ്നങ്ങളാണ്. മരുന്നുചികിത്സയാണ് പ്രതിവിധി. വർഷങ്ങൾക്കുശേഷം ഇൻസുലിൻ നൽകേണ്ടതായും വന്നേക്കാം.
പഞ്ചസാര ഒഴികെ എന്തും കഴിക്കാമോ?
ഏതുതരം മധുരമാണ് ഒഴിവാക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും സൗകര്യപൂർവമായ മുൻവിധികളുണ്ട്. പഞ്ചസാര മാത്രമാണ് കുഴപ്പം, മറ്റെന്ത് മധുരവും കഴിക്കാമെന്ന് വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. ശർക്കര കുഴപ്പമില്ല, കൽക്കണ്ടം കഴിക്കാം, തേൻ കഴിക്കാം എന്നൊക്കെ വിചാരിച്ചുനടക്കുന്നവരാണ് പലരും. വാസ്തവത്തിൽ പഞ്ചസാര, ശർക്കര, കൽക്കണ്ടം എല്ലാം ഒന്നുതന്നെയാണ്. നമ്മൾ കഴിക്കുന്ന ചോറും ചപ്പാത്തിയും റവയും കപ്പയും ചേനയും ചേമ്പും ചക്കയുമെല്ലാം കാർബോഹൈഡ്രേറ്റ് തന്നെ. ചക്ക കഴിച്ചാൽ പ്രമേഹം മാറുമെന്ന വാട്സാപ്പ് സന്ദേശം വായിച്ച് പഴുത്ത ചക്ക തിന്നാൻ പോയാൽ കാര്യങ്ങൾ കൂഴച്ചക്കയെക്കാൾ കുഴയും. പ്രമേഹരോഗികൾ മധുരം പൂർണമായി ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. കുറയ്ക്കണമെന്നാണ്. പ്രമേഹരോഗി കഴിക്കേണ്ടതായ ഭക്ഷണം എന്നൊന്നില്ല. രോഗമുള്ളവരും അല്ലാത്തവരും കഴിക്കേണ്ടത് സമീകൃതാഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: