NEWSWorld

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില ഇടിഞ്ഞു

വാഷിങ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.

ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ വില 2.94 ഡോളര്‍ ഇടിഞ്ഞ് 99.14 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലയില്‍ 1.90 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ ഭാവി വിലയും ഇടിഞ്ഞു. ആഗോള വിപണിയില്‍ എണ്ണവിലയില്‍ കഴിഞ്ഞയാഴ്ച അഞ്ച് ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം, വില കുറയുമെങ്കിലും ബാരലിന് 90 ഡോളറില്‍ താഴെ ക്രൂ?ഡോയില്‍ നിരക്ക് എത്തില്ലെന്നാണ് സൂചന. റഷ്യന്‍ എണ്ണക്ക് യുറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തുന്നതാണ് വില കുറയാതിരിക്കാനുള്ള കാരണം.

Back to top button
error: