KeralaNEWS

പ്രേംനസീറിന്റെ ലൈല കോട്ടേജ് വിൽക്കില്ല; വാർത്തകൾ നിഷേധിച്ച് മകൾ റീത്ത

തിരുവനന്തപുരം: പ്രേംനസീറിന്റെ ചിറയന്‍കീഴ് വീട് കുടുംബം വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത പറഞ്ഞു. സര്‍ക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നല്‍കാന്‍ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റീത്തയുടെ വാക്കുകള്‍

Signature-ad

ഞങ്ങള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്‌കൂളിനൊക്കെ ഞങ്ങള്‍ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോള്‍ അതും ഞങ്ങള്‍ നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല ഞങ്ങള്‍ ഇടയ്ക്ക് പോയി ക്ലീന്‍ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാള്‍ വന്നിരുന്നു. അവര്‍ക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോഗിക്കണമെന്നും പറഞ്ഞു. മോളോട് വിളിച്ച് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറഞ്ഞു. അവരോടും ഞാന്‍ അക്കാര്യം പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാര്‍ത്ത ഞാന്‍ കാണുന്നത്. മകള്‍ രേഷ്മയുടെ പേരിലാണ് ഇപ്പോള്‍ വീട്. വീട് വില്‍ക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി. രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവര്‍ നാട്ടിലെത്തും. വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോഗിക്കും. ആ വീട് കെട്ടിത്തീര്‍ന്നപ്പോഴാണ് ഞാന്‍ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോള്‍ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സര്‍ക്കാരിനും വീട് വിട്ട് നല്‍കില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല.

പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍ക്കുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നിത്യഹരിത നായകന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആവശ്യം. വീട് അവകാശമായി കിട്ടിയ പ്രേം നസീറിന്റെ ചെറുമകളാണ് ചിറയിന്‍കീഴിലെ ലൈല കോട്ടേജ് വില്‍ക്കാനൊരുങ്ങുന്നതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ചിറയിന്‍കീഴിലെ ആദ്യ ഇരുനില മന്ദിരം കൂടിയാണീ വീട്. ഇരുനിലയില്‍ എട്ട് കിടപ്പുമുറികളുമായി തലയെടുപ്പോടെ നില്‍ക്കുന്ന വീടിനും വസ്തുവിനും കോടികള്‍ വിലവരും. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വാതിലുകളിലും ജനാലകളിലും ചിതല്‍ കയറി. വീട് സര്‍ക്കാരിന് വിട്ട് നല്‍കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല. ചിറയികീഴ് എംഎല്‍എ വി ശശി വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ നിവേദനവും നല്‍കിയിരുന്നു.

 

Back to top button
error: