KeralaNEWS

കെഎസ്ആർടിസിയിൽ ശമ്പളത്തർക്കം, പ്രതിസന്ധിക്കിടെ യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്കിടെ, കെഎസ്ആർടിസി )യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6ന് പണിമുടക്കിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകൾ ആവർത്തിക്കുന്നു.

എന്നാൽ അതേ സമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി. ഈ സാഹചര്യത്തിൽ ഇന്നത്തെ ചർച്ച ഏറെ നിർണായകമാണ്. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം.

ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചു. ഇതോടെ ഇന്നത്തെ നിർണായക ചർച്ചയിൽ എന്ത് തീരുമാനമാകുമെന്നാണ് ഉറ്റുനോക്കുന്നത്.

Back to top button
error: