തണ്ണിമത്തന് ലൈംഗിക ഉത്തേജനമുണ്ടാക്കാനുള്ള കഴിവുണ്ട്
ഒരു നാടന്‍ വയാഗ്ര (ലൈംഗിക ഉത്തേജന ഔഷധം) ആയിട്ടാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. ലിംഗ ഉദ്ധാരണമുണ്ടാകണമെങ്കില്‍ ലിംഗത്തിലെ രക്തക്കുഴലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കണം.ലൈംഗിക ഉത്തേജനമുണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള സംവേദനപ്രവാഹങ്ങള്‍ ലിംഗത്തിലെ നാഡീഞരമ്പുകളിലെത്തുന്നു.ഈ നാഡീഞരമ്പുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഈ നൈട്രിക് ഓക്‌സൈഡാണ് ലിംഗത്തിലെ രക്തധമനികളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നത്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന രാസഘടകത്തിന് രക്തധമനികളെ വികസിപ്പിക്കാനും അങ്ങനെ രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും.
ഫോൺ പോക്കറ്റിൽ സൂക്ഷിക്കരുത്
പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് പഠനങ്ങൾ പറയുന്നത്.ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നതും നന്നല്ല.പ്രത്യേകിച്ച് പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്.
ടൈറ്റായ വസ്ത്രങ്ങൾ ധരിക്കരുത്
ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം.ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. ശരീരത്തിനകത്തെ താപനിലയെക്കാള്‍ ഒരു ഡിഗ്രിയെങ്കിലും ചൂടു കുറവായിരിക്കും വൃഷണങ്ങള്‍ക്ക്. ശരീരതാപനിലയില്‍ ബീജോത്പാദനം നടക്കുകയില്ല. അതുകൊണ്ടാണ് വൃഷണങ്ങളെ ശരീരത്തിനുപുറത്ത് പ്രത്യേകം വൃഷണസഞ്ചിയിലാക്കിയിരിക്കുന്നത് .ടൈറ്റായ ജീന്‍സും മറ്റും ധരിക്കുമ്പോള്‍ വൃഷണങ്ങള്‍ തിങ്ങിഞെരുങ്ങി ശരീരത്തോട് ചേര്‍ന്നിരിക്കുകയും, താപനില കൂടുന്നതുകൊണ്ട് ബീജോത്പാദനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും നല്ലത്.ടൈറ്റായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരഭാഗങ്ങളിലെ ഈര്‍പ്പം നിലനില്‍ക്കുന്നതിനും ഫംഗസ് ബാധയ്ക്കും ഇടയാക്കാവുന്നതാണ്.
എ.സി അപകടം
തുടര്‍ച്ചയായി എ.സി. ഉപയോഗിക്കുന്നതുകൊണ്ട് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.എ.സി. ഉപയോഗിച്ച് ശീതീകരിച്ച മുറിയിലെ തണുത്തവായു സ്ഥിരമായി ശ്വസിക്കുന്നതിനെത്തുടര്‍ന്ന് വിട്ടുമാറാത്ത ജലദോഷം, പനി, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം.എ.സി. ഉപകരണത്തിലെ ഫില്‍റ്റര്‍ കൃത്യമായി വൃത്തിയാക്കാതെയിരുന്നാല്‍ ബാക്ടീരിയകള്‍ പെരുകി, മുറിയിലെ വായു മലിനമാകാനിടയുണ്ട്. ഈ വായു ശ്വസിക്കുന്നതിനെ തുടര്‍ന്ന് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായേക്കാം.എ.സി.യിലെ വായുചംക്രമണം കുറഞ്ഞ അന്തരീക്ഷത്തില്‍ വൈറസ് ബാധയുമുണ്ടാകാനിടയുണ്ട്. ഇത് തൊണ്ട, മൂക്ക്, ടോണ്‍സില്‍ തുടങ്ങിയവയില്‍ രോഗാണുബാധയ്ക്ക് കാരണമാകാം. സ്ഥിരമായി എ.സി. മുറിയില്‍ ഇരിക്കുന്നതിനെ തുടര്‍ന്ന് സന്ധിവാതരോഗികളുടെ വേദനയും, സന്ധികളുടെ പിടിത്തവും അധികരിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോൺ കൊടുക്കരുത്
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും മൊബൈല്‍ഫോണില്‍നിന്ന് പുറപ്പെടുന്ന ഇലക്‌ട്രോ-മാഗ്നറ്റിക് റേഡിയേഷന്‍ പ്രതികൂലമായി ബാധിക്കാം.കുട്ടികളുടെ തലയോട്ടി വളരെ മൃദുവാണ്. അതുകൊണ്ട് കൂടുതല്‍ തരംഗങ്ങള്‍ തലച്ചോറിലെത്താനിടയുണ്ട്.