കൊച്ചി: നിയമ വിദ്യാർത്ഥിനി മൊഫിയ പർവ്വീൺ ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. സസ്പെൻഷനിലായ സിഐ സി എൽ സുധീറിനെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചതിനെതിരെ മൊഫിയയുടെ പിതാവാണ് രംഗത്തെത്തിയത്.
ഭർതൃവീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്റ്റേഷൻ സിഐ സി.എൽ സുധീറിനെതിരെയും കുറിപ്പ് എഴുതിവെച്ചായിരുന്നു മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കേസ് അന്വേഷണത്തിൽ ഗുരുതര അലംഭാവം ഉണ്ടായതായും മൊഫിയയുടെ പിതാവ് പറഞ്ഞു. സി ഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണ്. മൊഫിയയുടെ ആത്മഹത്യയിൽ സിഐക്ക് പങ്കുണ്ട്. സിഐക്കെതിരായ റിപ്പോർട്ടാണ് സർക്കാരിലേക്ക് പോയത്. പിന്നീട് എന്താണ് സംഭവിച്ചെന്നറിയില്ല. ഇപ്പോൾ അർത്തുങ്കൽ എസ് എച്ച് ഒ ആയാണ് സുധീറിനെ നിയമിച്ചിരിക്കുന്നത്. ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് സലീം വ്യക്തമാക്കി.
നിയമ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഇൻസ്പെക്ടർ സിഎൽ സുധീറിനെ കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരിച്ചെടുത്തത്. ആലപ്പുഴയിലാണ് നിയമനം.ഭർതൃപീഡനത്തെ തുടർന്ന് ആലുവ സ്വദേശിനിയായ മൊഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സി എൽ സുധീറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സുധീറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് മൊഫിയയുടെ മരണത്തിന് കാരണമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധവും ആലുവയിലുണ്ടായി. ഏതാനും മാസങ്ങളായി സസ്പെൻഷനിലായിരുന്ന സി എൽ സുധീർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 32 പേരുടെ സ്ഥലംമാറ്റ പട്ടികയിലാണ് ഇടം പിടിച്ചത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി ഐ ആയിരുന്ന സുധീറിനെ ആലപ്പുഴ അർത്തുങ്കൽ സ്റ്റേഷനിലാണ് നിയമിച്ചത്.