വൈദ്യുതി ബോര്‍ഡില്‍ ട്രേഡ് യൂണിയനുകള്‍ക്ക് ഈ മാസം 28നു അംഗീകാരം നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കും. നിലവില്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു), ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി), യുഡിഎഫ് അനുകൂല യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് (യുഡിഇഇഎഫ്) എന്നീ സംഘടനകള്‍ക്കാണ് അംഗീകാരമുള്ളത്. 2015-ലാണ് ഏറ്റവുമൊടുവില്‍ ബോര്‍ഡില്‍ ഹിതപരിശോധന നടന്നത്.
ഇത്തവണ ഈ മൂന്നു സംഘടനകള്‍ക്കു പുറമേ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്), എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്ഗനൈസേഷന്, ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന് എന്നീ സംഘടനകളും രംഗത്തുണ്ട്. കഴിഞ്ഞ ഹിതപരിശോധനയില്‍ ഏറ്റവും കൂടതല്‍ വോട്ട് നേടിയത് സിഐടിയുവാണ്-47.2ശതമാനം. യുഡിഎഫിന് 24.3 ശതമാനവും എഐടിയുസിക്ക് 16.5 ശതമാനവും വോട്ടാണ് ലഭിച്ചത്. സബ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, ലൈന്മാന്, വര്‍ക്കര്‍ തസ്തികയിലുള്ള ജീവനക്കാരായ 26,246 പേരാണു വോട്ടര്‍മാര്‍. ഓഫീസര്‍മാര്‍ക്ക് വോട്ടവകാശമില്ല. കെഎസ്ഇബിയുടെ 76 ഡിവിഷന് ഓഫീസുകളാണ് വോട്ടെടുപ്പു കേന്ദ്രങ്ങള്‍. വോട്ടെണ്ണല്‍ 30-ന് കൊച്ചിയില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാവും.
ഹിതപരിശോധനയില്‍ ഏറ്റവും താഴെക്കിടയിലുള്ള ജീവനക്കാരായ വര്‍ക്കര്‍മാരുടെ വോട്ടുകളാണ് ഇത്തവണ നിര്‍ണായകമായിട്ടുള്ളത്. ഒമ്പതു വര്‍ഷമായി പ്രമോഷന് കിട്ടാത്തവരാണു വര്‍ക്കര്‍മാര്‍ . 2013-ല്‍ നിയമനം ലഭിച്ച വര്‍ക്കര്‍മാര്‍ പത്താം തരം പാസായി ഐടിഐ യോഗ്യത നേടാത്തതിനാലാണു പ്രമോഷന് മുടങ്ങിക്കിടക്കുന്നത്. 2010-ലെ പിഎസ്സി വിജ്ഞാപന പ്രകാരം പത്താം ക്ലാസ് തോറ്റവരെയാണ് ഈ തസ്തികയിലേക്കു വിളിച്ചിരുന്നത്. എന്നാല്‍ 2013-ല്‍ കേന്ദ്ര ഇലക്ട്രിസിറ്റി നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇവര്‍ക്കു പ്രമോഷന് ലഭിക്കണമെങ്കില്‍ ഐടിഐ യോഗ്യതവേണമെന്നു നിഷ്കര്‍ഷിച്ചു. ഇതില്‍ ഇളവു വരുത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ക്കര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത ഇളവു ചെയ്ത് ഉത്തരവിറക്കണം. എന്നാല്‍ , അത്തരമൊരു നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതു വര്‍ക്കര്‍മാര്‍ക്കിടയില്‍ അമർഷത്തിനു കാരണമായിട്ടുണ്ട്.