NEWS

അമ്മച്ചി പ്ലാവിന്റെ കഥ; മാർത്താണ്ഡവർമ്മയുടെയും

തിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവൻ രക്ഷിച്ചത് ഒരു പ്ലാവായിരുന്നു.നെയ്യാറ്റിന്‍കരയ്ക്കടുത്തായി ഇന്നും ആ പ്ലാവ് കാണാം.അതാണ് പ്രശസ്തമായ അമ്മച്ചിപ്ലാവ്.450 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും നെയ്യിറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഈ പ്ലാവ് സംരക്ഷിച്ച്‌ പോരുകയാണ്.

1700കളുടെ ആദ്യം തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്.ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമർച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തന്നിമിത്തം എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി.യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല.അതിനാൽത്തന്നെ  പലപ്പോഴും അദ്ദേഹത്തിനു വേഷപ്രച്ഛന്നനായി യാത്രചെയ്യേണ്ടിവന്നു.

 

Signature-ad

ഒരിക്കല്‍ അപ്രതീക്ഷിതമായി നെയ്യാറ്റിന്‍കരയില്‍ വച്ച്‌ രാജാവ് എട്ട് വീട്ടില്‍ പിള്ളമാരുടെ കണ്‍മുന്നില്‍ പെട്ടു. ഇവരില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ മാര്‍ത്താണ്ഡവര്‍മ്മ ദിക്കറിയാതെ ഒരു ഈഞ്ചക്കാടിന്‍റെ നടുവില്‍ എത്തിച്ചേര്‍ന്നു. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതെ നിസ്സഹായനായി നിന്ന അദ്ദേഹം അപ്പോഴാണ് ആടുകളെ മേയിച്ചു നിന്ന ഒരു ബാലനെ കണ്ടത്.അദ്ദേഹം ആ ബാലനോട് രക്ഷപ്പെടാനുള്ള വഴി ചോദിച്ചു.ബാലന്‍ ഉള്ള് മുഴുവന്‍ പൊള്ളയായ ഒരു പഴയ പ്ലാവ് മാര്‍ത്താണ്ഡവര്‍മ്മക്ക് കാണിച്ചു കൊടുത്തു.

 

ശത്രുക്കള്‍ അടുത്തെത്തുന്നതിന് മുന്‍പ് അദ്ദേഹം പ്ലാവിന്‍റെ പൊത്തിനുള്ളില്‍ കയറി ഒളിച്ചിരുന്നു.പിന്നാലെ എത്തിയ എട്ടു വീട്ടില്‍ പിള്ളമാര്‍ അവിടെ നിന്ന ബാലനോട് ഇതിലെ ആരെങ്കിലും വന്നോ എന്ന് അന്വേഷിച്ചു.എന്നാല്‍ ബാലന്‍ ഇവരോട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് അവരെ വഴിതിരിച്ച്‌ വിട്ടു.ശത്രുക്കളില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മ പിന്നീട് കൊട്ടാരത്തില്‍ തിരിച്ചെത്തുകയും, എട്ട് വീട്ടില്‍ പിള്ളമാരെ വകവരുത്താന്‍ ബ്രിട്ടീഷുകാരുടെ സഹായം തേടുകയും ചെയ്തു.

 

തുടര്‍ന്ന് അവരുടെ സഹായത്തോടെ തന്ത്രപരമായി എട്ടു വീട്ടില്‍ പിള്ളമാരെ മാര്‍ത്താണ്ഡവര്‍മ്മ വധിക്കുകയും മറ്റ് എതിരാളികള്‍ ഒന്നും ഇല്ലാതെ രാജഭരണം തുടരുകയും ചെയ്തു.ഒരുപക്ഷെ അന്ന് മാര്‍ത്താണ്ഡവര്‍മ്മയെ എട്ടു വീട്ടില്‍ പിള്ളമാര്‍ വധിച്ചിരുന്നു എങ്കില്‍ തിരുവിതാംകൂറിന്‍റെ ചരിത്രം തന്നെ മറ്റൊന്നായേനെ!പിന്നീട് പ്ലാവ് നിന്ന സ്ഥലത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം അദ്ദേഹം പണി കഴിപ്പിച്ചു.അതാണ് നെയ്യിറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.അമ്മച്ചിപ്ലാവ് ഇവിടെ ഇന്നും സംരക്ഷിച്ചു പോരുന്നു.

 

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഒരു ഭരണാധികാരിയായിരുന്നു മാർത്താണ്ഡവർമ്മ.ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയ്ക്ക് അവകാശപ്പെട്ടതാണ്.കേരളത്തിന്റെ തെക്കും മദ്ധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത്‌ ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്.പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി തിരുവിതാംകൂർ രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്തം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു.1729-1758 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം.ജൂലൈ 7, 1758ൽ ആയിരുന്നു അദ്ദേഹം നാടു നീങ്ങിയത്.

 

 

മാർത്താണ്ഡവർമ്മയ്ക്കു ശേഷം അനന്തരവനായ കാർത്തികതിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത്.ഏറ്റവുമധികം കാലം (1758 മുതൽ 1798 വരെ) തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണദ്ദേഹം.

Back to top button
error: