IndiaNEWS

ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ തുടരും,സ്റ്റേ അവഗണിച്ചുകൊണ്ടുളള പൊളിക്കൽ നടപടി തുടർന്നത് ഗുരുതരം

ഡൽഹിയിലെ ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ തുടരും. പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ സ്റ്റേ അവഗണിച്ചുകൊണ്ടുളള പൊളിക്കൽ നടപടി തുടർന്നത് ഗുരുതരമാണെന്നും കോടതി വിലയിരുത്തി. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും. ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തിയ കുടിയൊഴിപ്പിക്കലിനെതിരായ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജംഇയ്യത്തുൽ ഉലമാ ഇ ഹിന്ദിന്റെതാണ് രണ്ട് ഹർജികളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ബിജെപി ഭരിക്കുന്ന കോർപ്പറേഷന്റെ നടപടി ഒരു സമുദായത്തെ ലക്ഷ്യമിടുന്നതാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

 

ഡൽഹി മുനിസിപ്പൽ കോർപറേഷൻറെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപിൽ സിബലും ദുഷ്യന്ത് ദവേയുമാണ് ഹർജിക്കാർക്കായി കോടതിയിൽ ഹാജരായത്. ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീർപുരിയിൽ അനധികൃത കുടിയേറ്റങ്ങൾ ഇടിച്ചു പൊളിക്കാൻ കോർപറേഷൻ നടപടികൾ ആരംഭിച്ചത്.

 

 

Back to top button
error: