ന്യൂഡല്‍ഹി: അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ജഹാംഗീര്‍പുരിയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ തകര്‍ക്കുന്ന ബിജെപി നടപടിക്കെതിരേ നേരിട്ട് രംഗത്തെത്തി തടഞ്ഞ് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ അവർ തടയുകയും ചെയ്തു.
ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടന്നത്. ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഇങ്ങനെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.വീടുകളും കടകളും തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ മുന്നില്‍ കയറി ബൃന്ദാ കാരാട്ട് നിൽക്കുകയായിരുന്നു.
അതേസമയം വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ജഹാംഗിര്‍പുരിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരനായ അന്‍സാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും പ്രദേശത്ത് ന്യൂനപക്ഷ വിഭാഗത്തെ അക്രമത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് അരങ്ങേറിയതെന്നും ആരോപണം നിലനിൽക്കെയാണ് ഇത്.