CrimeNEWS

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സഹോദരി ഭർത്താവിനെതിരായ വാർത്തകൾക്ക് വിലക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. മൂന്നാഴ്ചത്തെക്കാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. കേസ് സിബിഐയ്ക്ക് സാഹചര്യമില്ലെന്നും ഉത്തരവിലുണ്ട്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനാക്കേസിലും ക്രൈംബ്രാഞ്ചിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഉത്തരവ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സുഹൃത്തുക്കളായ ശരതും ബൈജു ചെങ്ങമനാടും ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്. കളളക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ തളളിയത്. നിലവിലെ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് കേസിന് കാരണമെന്ന ദിലീപീന്‍റെ വാദവും അംഗീകരിച്ചില്ല.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഗൂഢോദ്ധേശ്യം ഉള്ളതായി വ്യക്തമാകുന്നില്ലെന്ന് ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ പോലുളള മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറേണ്ട കാര്യവുമില്ല. ഗൂഡാലോചന സ്ഥാപിക്കാൻ പറ്റിയ തെളിവുകൾ പ്രഥമദ്യഷ്ടാ തന്നെ കേസിലുണ്ടെന്ന് നിരീക്ഷിച്ച കോടതി അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഈ ഉത്തരവിലെ നിരീക്ഷണങ്ങൾ തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈംബ്രാ‌‌ഞ്ച് തീരുമാനം. സായി ശങ്കറിന്‍റെ പക്കൽ നിന്ന് കിട്ടിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കും. എന്നാൽ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ദിലീപ് അപ്പീലുമായി മേൽക്കോടതിയെ സമീപിക്കും.

അതേസമയം, വധഗൂഢാലോചനയിൽ നിലവിൽ പുറത്തുവന്ന തെളിവുകൾ ടീസർ മാത്രമാണെന്നും ബൈജു പൗലോസിനെ വധിക്കാൻ ആളെ അയച്ചതിന്‍റെ അടക്കം ശബ്ദരേഖകളുണ്ടെന്നും കേസിലെ മുഖ്യസാക്ഷിയായ ബാലചന്ദ്രകുമാർ പറഞ്ഞു.

Back to top button
error: