ഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് നൽകിയ കാരണം കാണിക്കല്‍ നോട്ടീസിൽ മറുപടി ലഭിച്ചെന്ന് താരിഖ് അൻവർ. ആൻ്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ട് ദിവസത്തിനുള്ളിൽ ചേരുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ വി തോമസിനെതിരെ സസ്പെൻഷൻ, പുറത്താക്കൽ അടക്കമുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ തുടർന്നാണ് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത്. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി കെ വി തോമസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്നാണ് അച്ചടക്ക സമിതി വിലയിരുത്തുന്നത്. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് പ്രതികരിച്ചിരുന്നത്.