KeralaNEWS

കഴിഞ്ഞ തവണത്തെ അതേ ചോദ്യപേപ്പര്‍,കാലിക്കറ്റ് യൂണി.പരീക്ഷ റദ്ദാക്കി,സര്‍വ്വകലാശാലയ്ക്ക് എതിരെ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: കഴിഞ്ഞ തവണത്തെ അതേ ചോദ്യപേപ്പർ ആവർത്തിച്ച ബിഎസ്സി രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ കാലിക്കറ്റ് സർവ്വകലാശാല റദ്ദാക്കിയതിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അനാസ്ഥ കാണിച്ച അധ്യാപകർക്കെതിരെ നടപടി എടുക്കാതെ പുനപരീക്ഷ നടത്താനുള്ള സർവ്വകലാശാലയുടെ തീരുമാനത്തിന് എതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. മാർച്ച് 4 ന് നടത്തിയ റൈറ്റിംഗ് ഫോർ അക്കാദമിക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ തനിയാവർത്തനമായിരുന്നു.

പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കുന്നുമില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്ഥയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

Signature-ad

എന്നാൽ പഴയ ചോദ്യപേപ്പർ ആവർത്തിക്കാനുണ്ടായ സാഹചര്യം മനസിലാക്കാനോ കുറ്റക്കാർക്കെതിരെ നടപടി എടുക്കാനോ സർവ്വകലാശാല തയ്യാറായില്ല. പരീക്ഷയെഴുതി ഒരു മാസത്തിന് ശേഷം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നിലവിൽ ഫീസ് അടച്ച മൂന്നാം സെമസ്റ്റർ പരീക്ഷയുടെ തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. പുനപരീക്ഷക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ടെങ്കിലും സർവ്വകലാശാല ഇതുവരെ തീരുമാനം മാറ്റിയിട്ടില്ല.

Back to top button
error: