KeralaNEWS

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന; തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനവില്‍ ഇന്ന് തീരുമാനം. ഇന്ന് ചേരുന്ന മന്ത്രി സഭായോഗം നിരക്ക് വര്‍ധനവില്‍ തീരുമാനം എടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്‌ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്‌സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. എന്നാല്‍, വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.

മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തുന്നത്. മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞാല്‍ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്നും ഗതാഗത മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ വയ്ക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

Signature-ad

ഓട്ടോ ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി നിരക്ക് ഉയര്‍ത്തും. ടാക്‌സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകള്‍ നിലവില്‍ വരുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

വെയിറ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയില്‍ മാറ്റമില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഓട്ടോ മിനിമം ചാര്‍ജിന്റെ ദൂരം ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ ആക്കി ഉയര്‍ത്തി. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായ വര്‍ദ്ധനവല്ല ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Back to top button
error: