സിപിഎം അനുകൂല ഓഫീസേഴ്സ് അസോസിയേഷനും സമര സഹായ സമിതിയും ഇന്ന് വൈദ്യുതി ബോർഡ് ആസ്ഥാനമായ പട്ടം വൈദ്യുതി ഭവൻ ഉപരോധിച്ചേക്കും. അതേസമയം വൈദ്യുതി ബോർഡ് ആസ്ഥാനം ഉപരോധിക്കുന്നതു നിരോധിച്ച് ചെയർമാൻ ബി. അശോക് ഉത്തരവിറക്കി.ഉപരോധിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ സമരം സംഘർഷത്തിലേക്കു നീങ്ങുമെന്ന സ്ഥിതിയിലായി.
സിപിഎം അനുകൂല സംഘടനകളും സർവീസ് സംഘടനകളും അടങ്ങുന്ന സമര സഹായ സമിതിയുടെ പിന്തുണയോടെയാണ് ഇന്ന് വൈദ്യുതി ഭവൻ ഉപരോധിക്കുന്നത്.
മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്നു തിരുവനന്തപുരത്ത് എത്തും. മന്ത്രി പാലക്കാട് സർവ കക്ഷി യോഗം വിളിച്ചിരുന്നതിനാൽ ഇന്നലെ നടത്താനിരുന്ന യോഗം ഇന്നത്തേക്കു മാറ്റിയിരുന്നു. വർക്കർമാരിൽ നിന്ന് ലൈൻമാൻമാരായി പ്രമോഷൻ നൽകുന്നതിലെ നിയമ പ്രശ്നം സംബന്ധിച്ച് ചർച്ച നടത്താനായി അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. അതിനുശേഷം ഓഫീസർമാരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടക്കും.
ഓഫീസർമാരുടെ സംഘടന ഉന്നയിച്ച പ്രമോഷൻ, സസ്പെൻഷൻ പിൻവലിക്കൽ എന്നിവ നടപ്പാക്കിയതായും ഇനിയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്നും അപാകതയുണ്ടെങ്കിൽ പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.