KeralaNEWS

വൈദ്യുതി ഭവൻ വളയലിന് അനുമതിയില്ലെന്ന് കെഎസ്ഇബി; സമരം ചെയ്താൽ നടപടി

തിരുവനന്തപുരം:  കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന വൈദ്യുതി ഭവൻ വളയലിന് അനുമതി നിഷേധിച്ച് ബോർഡ്. സമരത്തിൽ പങ്കെടുത്താൽ പ്രത്യേക അച്ചടക്ക നടപടികൾ എടുക്കുമെന്നു ചീഫ് പഴ്സനൽ ഓഫിസർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, സമരവുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം. പാലക്കാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി അവിടെയായതിനാൽ ചൊവ്വാഴ്ച മന്ത്രിതല ചർച്ച നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തിട്ടുള്ളതായി ഉത്തരവിൽ പറയുന്നു. 13ന് നടന്ന ചർച്ചയിൽ സംഘടന മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല. വ്യക്തമായ തെളിവുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾ അകാരണമായി പിൻവലിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. അതിനാൽ അച്ചടക്ക നടപടി പിൻവലിക്കാനാകില്ല. അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥയുടെ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കോടതി നിർദേശം അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കുന്നു.

Signature-ad

ചെയര്‍മാന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പിൻവലിക്കുക, സസ്പെൻഷൻ പിൻവലിക്കുന്നതിനൊപ്പം നേതാക്കളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സമരം നടത്തുന്നത്. സംഘടനാ ജനറൽ സെക്രട്ടറി ബി.ഹരികുമാർ, സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, വനിതാ നേതാവ് ജാസ്മിൻ ബാനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. നടപടി പിൻവലിക്കില്ലെന്ന നിലപാടിലാണ് ചെയർമാൻ.

Back to top button
error: