NEWS

എൻ എസ് മാധവന്റെ ഹിഗ്വിറ്റ വീണ്ടും വായിക്കപ്പെടുമ്പോൾ

ഈസ്റ്റർ സ്പെഷൽ
 ല്ലൂർ എച്ച് എസിലെ പി.ടി.മാഷിന്റെ മകനായ ഗീവർഗീസ് സെവൻസ് ഫുട്ബോളിലെ തിളങ്ങുന്ന താരമായിരുന്നു.പിതാവിന്റെ മരണത്തെ തുടർന്ന് കളി നിർത്തി പൗരോഹിത്യ വഴിയിലേക്ക് തിരിഞ്ഞപ്പോഴും ഗീവർഗീസിന്റെ ഉള്ളിൽ മൈതാനമധ്യത്തെ പന്തെന്നപോലെ ഫുട്ബോൾ അനക്കമറ്റു കിടന്നിരുന്നു.
“ഫാദർ..” കന്യാസ്ത്രീ കണ്ണീരടക്കി ഗീവർഗീസ് അച്ചന്റെ മുമ്പിൽ നിന്നു.
“ങും..?”ഗീവർഗീസച്ചൻ ചോദ്യഭാവത്തോടെ ആ കന്യാസ്ത്രീയുടെ നേർക്കു നോക്കി.
“അദ്ദേഹം ജാമ്യത്തിലിറങ്ങി ഫാദർ..”
“ആര്?”
“പിതാവ്.”
“ദൈവം അനുഗ്രഹിക്കട്ടെ..”
“എന്നെ ഉപദ്രവിക്കും ഫാദർ..”
“പിതാവാണ്..!”
“ആ ഫാദറും മരിച്ചു.”
“ഏതു ഫാദർ..?”
“പിതാവിനെതിരെ സാക്ഷി പറഞ്ഞ..ജലന്ധറിലെ…”
“ആയുസ്സ് അത്രെ ഉള്ളെന്നു കരുതിയാൽ മതി…”
“എനിക്കു പേടിയാകുന്നു ഫാദർ..”
“പേടിക്കേണ്ട, കർത്താവ് കാത്തുകൊള്ളും..”
“ഫാദർ..”
“എനിക്കൽപ്പം ധൃതിയുണ്ടായിരുന്നു…”
“ഫാദർ ഞാൻ..”
“ഒന്നും സംഭവിക്കില്ല.ധൈര്യമായിരിക്കൂ.. ഞാൻ പ്രാർത്ഥിക്കാം..”
 കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പന്തയക്കാരുടെ ആർപ്പുവിളിയിൽ ഗീവർഗീസ് സെവൻസ് കളിച്ചിരുന്നത് അപ്പന് ഇഷ്ടമല്ലായിരുന്നു.ഒരിക്കൽ അതിനെക്കുറിച്ച് അപ്പൻ പറഞ്ഞു:
“മോനെ ഫുട്ബോൾ എന്റെ വിശ്വാസമാണ്.സെവൻസ് അതിന്റെ അന്തിക്രിസ്തുവും!.”
 അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നിട്ടും ഗീവർഗീസച്ചന് ഉറങ്ങാൻ കഴിഞ്ഞില്ല.അച്ചൻ മൊബൈലെടുത്ത് യൂടൂബിൽ ഫുട്ബോൾ മാച്ച് തിരഞ്ഞു.
 തെക്കൻ ജലന്ധറിലായിരുന്നു ഗീവർഗീസച്ചന്റെ ഇടവക.അന്നും കുർബാന കഴിഞ്ഞ് ഗീവർഗീസ് അച്ചൻ പുറത്തിറങ്ങുമ്പോൾ സിസ്റ്റർ കാത്തു നിൽപ്പുണ്ടായിരുന്നു.
“ഫാദർ..”
“ങും?”
“ഞാനന്നു പറഞ്ഞത്..”
“എന്താ പറഞ്ഞത്..?”
“അവരെന്നെ കൊല്ലുമച്ചോ..”
“ആര്?”
“പിതാവ്..”
“പിതാവ്.അതെ ഞാനോർക്കുന്നു.എന്തിനാ കൊല്ലുന്നത്..”
“ഫാദർ ..”
“എല്ലാം ശരിയാകും സിസ്റ്റർ..”അച്ചൻ പിൻവാങ്ങി.”ഞാൻ പ്രാർത്ഥിക്കാം..”
 ഗീവർഗീസച്ചൻ മൊബൈൽ ഒന്നുകൂടി ഉറപ്പിച്ചു പിടിച്ചു.ഇറ്റാലിയ’90-യിലെ കൊളംബിയ-കാമറൂൺ മത്സരമായിരുന്നു അത്. താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ ഗോൾപോസ്റ്റിന് മുമ്പിൽ ഹിഗ്വിറ്റ!
 ഗോളികൾക്കൊരു അപവാദമായിരുന്നു കൊളംമ്പിയൻ ഗോൾകീപ്പർ ഹിഗ്വിറ്റ.ഗോളികളുടെ സ്ഥായിയായ ധർമ്മം ഗോൾവലയം കാക്കുക എന്നതായിരുന്നു.പക്ഷെ അയാൾ,ഹിഗ്വിറ്റ.. പന്തുമായി ഇടംവലം പാളിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് നടന്നു നീങ്ങും.ഗോൾവലയ്ക്കു മുമ്പിൽ കൈകൾ വായുവിൽ വീശി ഒരു ഓർക്കസ്ട്ര കണ്ടക്ടറെ അനുസ്മരിക്കും വിധം, ചന്ദ്രക്കല പോലെ വളഞ്ഞ് അയാൾ പന്തു പിടിക്കുന്നതിനേക്കാൾ ഗീവർഗീസച്ചന് ഇഷ്ടവും അയാളുടെ മുമ്പും പിമ്പും നോക്കാതെയുള്ള ആ നീക്കമായിരുന്നു.
 അന്നും സിസ്റ്റർ പള്ളിക്കു വെളിയിൽ കാത്തു നിന്നെങ്കിലും സംസാരിക്കാൻ നിൽക്കാതെ അച്ചൻ മുറിയിലേക്ക് മടങ്ങി.
 അവസാനം അതു സംഭവിച്ചു.മൈതാന മധ്യത്തിലേക്ക് പന്തുമായി കയറിയ ഹിഗ്വിറ്റയുടെ കാലിൽ നിന്നും പന്ത് തട്ടിയെടുത്ത് കാമറൂണിന്റെ റോജർ മില്ല കൊളംബിയയുടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് നിഷ്പ്രയാസം അടിച്ചു കയറ്റി അവരെ ലോകകപ്പിൽ നിന്നും പുറത്താക്കി.ശേഷം മൈതാനത്തിന്റെ ഒരു മൂലയിലേക്ക് ഓടിച്ചെന്ന് അരക്കെട്ടിളക്കി നൃത്തം വച്ചിട്ട് വിടവുള്ള പല്ലുകൾക്കിടയിലൂടെ മില്ല ചിരിച്ച ചിരിയ്ക്ക് കറുത്ത വൻകരയുടെ എല്ലാ സൗന്ദര്യവും അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ ഉൻമാദലഹരിയും ഉണ്ടായിരുന്നു.
 “ഫാദർ..”
 ശബ്ദം കേട്ട്, സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ഗീവർഗീസച്ചൻ  തിരിഞ്ഞുനോക്കി.
“ആ.. സിസ്റ്ററോ..”
“ഞാൻ പോവാണ് ഫാദർ..”
“എവിടേക്ക്..”
“നാട്ടിലേക്ക്..”
“കാരണം?”
“അവരെല്ലാം ഇവിടെ, ജലന്ധറിൽ എത്തിയിട്ടുണ്ട്..”
“ആര്..?”
“പിതാവും കൂട്ടരും..”
 തലശ്ശേരിക്കടുത്ത് ഒരു വയലിൽ സെവൻസ് കാണാനെത്തിയവർ ഗീവറീതേ..ഗീവറീതേ.. എന്ന് ആർത്തു വിളിക്കുന്നത് ഗീവർഗീസച്ചൻ അപ്പോൾ കേട്ടു.
“അതിന് സിസ്റ്ററെന്തിനാ നാട്ടിൽ പോകുന്നത്..”
“എന്നെ അവർ ഇല്ലാതാക്കുമച്ചോ..ഞാനല്ലേ പരാതിക്കാരി!”
“നാട്ടിൽ പോയിട്ട്…”
“അറിയില്ല..”
“സിസ്റ്റർ കയറ്..”
 ഗീവർഗീസച്ചൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തിട്ട് ഒന്നിരപ്പിച്ചു നിർത്തി.സിസ്റ്റർ  കയറിയതും എതിർ പോസ്റ്റിലേക്ക് പന്തുമായി പായുന്ന ഫോർവേർഡിനെപ്പോലെ അച്ചൻ ജലന്ധറിലെ റോഡിൽക്കൂടി സ്കൂട്ടർ പായിച്ചു.
 പി.ടി.മാഷിന്റെ മകനായതുകൊണ്ടാ ഗീവർഗീസിനെ ഫുട്ബോൾ ടീമിലെടുത്തതെന്ന് തലമുറകളുടെ മൂത്രം ഘനീഭവിച്ച സ്കൂളിന്റെ വടക്കെ മതിലിൽ ഏതോ കുട്ടി കരികൊണ്ട് എഴുതിയെങ്കിലും ഒല്ലൂർ എച്ച് എസിന്റെ ഗോൾപോസ്റ്റിൽ മഴവില്ലുപോലെ വളഞ്ഞുവീണ ഒരു കോർണർ കിക്കോടെ ഗീർഗീസിനെ സ്കൂളിലെല്ലാവരും അറിഞ്ഞു തുടങ്ങി.
 അടുത്ത കളി കുന്നംകുളത്തായിരുന്നു.സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത കാലൻ റപ്പായി എന്നു പേരുള്ള റപ്പായിയായിരുന്നു കുന്നംകുളം ടീമിന്റെ ക്യാപ്റ്റൻ.എല്ലാവരും നിശബ്ദരായിരുന്നപ്പോൾ ബസിൽ അപ്പൻ മാത്രം സംസാരിച്ചുകൊണ്ടിരുന്നു:
 “പന്ത് കാലിൽ കിട്ടിയാൽ ഉടൻ കണ്ണ് ഠപ്പേന്ന് പോകണം.നമ്മുടെ കൂട്ടത്തിൽ ആരെങ്കിലും മാർക്ക് ചെയ്യാതെ നിൽക്കുന്നുണ്ടോ എന്നു നോക്കാൻ.”
 അന്ന് കുന്നംകുളങ്കാരെ തോൽപ്പിച്ച് ആളൊഴിഞ്ഞ രാത്രി ബസ്സിൽ വരുമ്പോൾ എല്ലാവരും താളമടിച്ചു പാടി:
 അയ്യോ പോയേ കുന്നംകുളം പോയേ..
 അയ്യോ പോയേ റപ്പായി പോയേ..
 “നീ പാടിക്കോടാ” നിശബ്ദനായിരുന്ന ഗീവർഗീസിനെ നോക്കി അപ്പൻ പറഞ്ഞു:”ഞാനിപ്പോൾ നിന്റെ അപ്പനല്ല,പി.ടി.മാഷാ…”
 കോളിംഗ് ബെൽ അടിച്ചത് ഗീവർഗീസ് അച്ചനായിരുന്നെങ്കിലും അതുകേട്ട് കതകു തുറന്ന് ഇറങ്ങി വന്ന പിതാവ് കർത്താവിന്റെ മണവാട്ടിയെ മാത്രമേ കണ്ടുള്ളൂ.
“ഒടുക്കം നീ വന്നുവല്ലേ..” ടീഷർട്ടും പാന്റുമായിരുന്നു അപ്പോൾ പിതാവിന്റെ വേഷം
“ഇല്ല.” ഗീവർഗീസച്ചനായിരുന്നു മറുപടി പറഞ്ഞത്.
“കയറി വാ..”
“ഇല്ല..” അപ്പോഴും ഗീവർഗീസച്ചനായിരുന്നു മറുപടി പറഞ്ഞതെങ്കിലും പിതാവിന്റെ കണ്ണുകൾ അച്ചനെ രേഖപ്പെടുത്തുവാൻ വിസ്സമ്മതിച്ചു.
“നിന്നോട് കയറി വരാനല്ലെ പറഞ്ഞത്..”
“ഇല്ല..” ഇത്തവണ പിതാവ് അച്ചന്റെ ശബ്ദം കേട്ടു.
“ഇദ്ദേഹം ഇവിടുന്ന് പോകുന്നതല്ലേ നമുക്കെല്ലാവർക്കും നല്ലത്.”
“അല്ല..”സിസ്റ്ററായിരുന്നു അപ്പോൾ മറുപടി പറഞ്ഞത്.
 അടുത്ത നിമിഷം പിതാവിന്റെ കൈകൾ സിസ്റ്ററുടെ നേരെ ഉയർന്നതും ഗീവർഗീസച്ചന്റെ കാതുകളിൽ ഗീവറീതേ..ഗീവറീതേ എന്ന് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ മുളഗാലറിയിൽ ഇരുന്ന് തുപ്പൽ വറ്റിയ ഏതോ തൊണ്ടയിൽ നിന്നും പുറപ്പെട്ട ആർപ്പുവിളി അലച്ചുവന്നു വീണതും  ഒരുമിച്ചായിരുന്നു.
ഗീവർഗീസ് കാലുയർത്തി അടിച്ചു.വിരിനെഞ്ചിൽ പന്തെടുത്ത് തലകൊണ്ടടിച്ചു.അടുത്ത അടി കാലുപൊക്കിയായിരുന്നു.പിന്നെയും പിന്നെയും…
 പിന്നെ സ്ലോമോഷണിൽ ആ അടി ആവർത്തിച്ചു.നിലത്തുവീണ പിതാവിന്റെ മൂക്കിൽ നിന്നും ചോര പടർന്നു.വലിയ അക്ഷരത്തിൽ ഒക്ലഹോമ എന്നെഴുതിയ ബനിയൻ കൂട്ടിപ്പിടിച്ച് എഴുന്നേൽപ്പിച്ച് ഗീവർഗീസച്ചൻ പറഞ്ഞു:
“നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ തന്നെ ജലന്ധറിൽ കണ്ടുപോകരുത്!!”
ദൂരെ അങ്ങ് കാൽവറിയിൽ ഉയിർപ്പിന്റെ പുതിയൊരു സൂര്യോദയം തെളിഞ്ഞു കഴിഞ്ഞിരുന്നു അപ്പോൾ.
ഏബ്രഹാം വറുഗീസ്
(എൻ എസ് മാധവനോട് കടപ്പാട്)

Back to top button
error: