പാലക്കാട്: പാലക്കാട് മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി. ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്.
ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ സംഘം മടങ്ങി. ജനം ആക്രമണത്തിന്റെ ഞെട്ടലില്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമം വ്യാപിക്കാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ.
സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു. ഒരു അക്രമത്തിനും സംഘടന കൂട്ട് നില്‍ക്കില്ല. സുബൈര്‍ വധക്കേസില്‍ പൊലീസ് പ്രതികള്‍ക്കൊപ്പം ഒത്തുകളിക്കുകയാണ്. സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു.