ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ലക്നോ ഉയർത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് തുടക്കത്തിൽതന്നെ നായകൻ രോഹിത്ത് ശർമയെ (6) നഷ്ടമായി. പിന്നാലെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഡെവാൾഡ് ബ്രെവിസും (13 പന്തിൽ 31) പവലിയൻ കയറി. തൊട്ടുപിന്നാലെ ഇഷാൻ കിഷനെയും (13) മുംബൈയ്ക്ക് നഷ്ടമായി.
ലക്നോ സൂപ്പർ ജയ്ന്റ്സിനോടാണ് ഇത്തവണ മുംബൈ അടിയറ പറഞ്ഞത്. 18 റണ്‍സിനായിരുന്നു ലക്നോവിന്റെ ജയം. സ്കോർ: ലക്നോ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199. മുംബൈ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181.
27 പന്തിൽ 37 റണ്‍സെടുത്ത സൂര്യകുമാർ യാദവാണ് മുംബൈ നിരയിൽ ടോപ് സ്കോറർ. തിലക് വർമ്മ (26), കിറോണ്‍ പോള്ളാർഡ് (25) എന്നിവർക്കും തിളങ്ങാനായില്ല. ഇതോടെ മുംബൈ പരാജയം വീണ്ടും നുകർന്നു.
ലക്നോവിനായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ലക്നോവിന് നായകൻ കെ.എൽ. രാഹുലിന്റെ സെഞ്ചുറി പ്രകടനമാണ് കരുത്തായത്. നായകന്റെ കരുത്ത് തെളിയിക്കുന്ന പ്രടനമാണ് രാഹുൽ കാഴ്ചവച്ചത്. 60 പന്തിൽ അഞ്ച് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 103 റണ്‍സുമായി രാഹുൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രിസീൽ ഉറച്ചു നിന്നു.
<span;>രാഹുലിന് ഡി കോക്കും മനീഷ് പാണ്ഡെയും ഉറച്ച പിന്തുണ നൽകിയതോടെ ടീം സ്കോർ ഇരുന്നൂറിനരികിലേക്ക് ഉയർന്നു. ഡി കോക്ക് 13 പന്തിൽ 24 റണ്‍സും മനീഷ് പാണ്ഡെ 29 പന്തിൽ 38 റണ്‍സും നേടി. മാർക്കസ് സ്റ്റോയിന്‍സ് 10ഉം ദീപക് ഹൂഡ 15 റണ്‍സും നേടി. മുംബൈയ്ക്കായി ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റ് നേടി.