CrimeNEWS

സുബൈർ വധം; തുടർ അക്രമസംഭവങ്ങൾ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുബൈർ പോപ്പുലർഫ്രണ്ട് പ്രാദേശിക പ്രവർത്തകനാണ്.

Signature-ad

ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളിപാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Back to top button
error: