KeralaNEWS

മകൾ ജോത്സനയെ ‘കാണാതായതാ’ണെന്ന് അച്ഛന്‍, കോൺ​ഗ്രസും ബി.ജെ.പിയും മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോടഞ്ചേരിയില്‍ ഡി.വൈ.എഫ്‌.ഐ നേതാവായ ഷിജിനെ വിവാഹം ചെയ്ത ജോത്സനയെ ‘കാണാതായതാ’ണെന്ന് അച്ഛന്‍ ജോസഫ്. മകളെ ‘കാണാതായതിന്’ പിന്നില്‍ ദുരൂഹതയുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സംസ്ഥാനപൊലീസില്‍ വിശ്വാസമില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോത്സനയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് അച്ഛന്‍ പറയുന്നത്.

എന്നാല്‍, തന്റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാന്‍ തീരുമാനിച്ചതാണെന്ന് ജോത്സന മാധ്യമങ്ങളോട് വ്യക്തമാക്കിരുന്നു. ഇത് താമരശ്ശേരി ജില്ലാ കോടതിയില്‍ എത്തി ജോത്സന ബോധിപ്പിക്കുകയും ചെയ്തു.

കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തിൽ കോൺ​ഗ്രസും ബി.ജെ.പിയും മുതലെടുപ്പിന്  ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് ലൗ ജിഹാദ്. ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്ന വിഷയങ്ങളെ സജീവമാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. എങ്കിലേ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാവൂ. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉൾപ്പടെയുള്ള ജനകീയ വിഷയങ്ങൾ മറച്ച് പിടിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മിശ്രവിവാഹ വിഷയത്തിൽ സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. മതസൗഹാർദം ഉയർത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചു. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സി.പി.എം, തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിന് നല്‍കിയത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.എം എന്ന് സുരേന്ദ്രൻ വിമർശിച്ചു.

കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മാതാപിതാക്കൾ. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കിയിരുന്നു.

Back to top button
error: