KeralaNEWS

മലയാളി കണികണ്ടുണരുന്നത് പുത്തൻ പ്രതീക്ഷയുടെ വിഷു, ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷം

ശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശമായ വിഷുവിനെ വരവേറ്റ് ലോകമെങ്ങുമുള്ള മലയാളികൾ. കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും.
മലയാളക്കരയുടെ കാര്‍ഷികോത്സവമാണ് വിഷു. രാത്രിയും പകലും തുല്യമായ ദിവസം. സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി വിഷു ആഘോഷത്തിലാണ് മലയാളി ഇന്ന്. കണിയൊരുക്കിയും കൈനീട്ടം നൽകിയുമാണ് മലയാളികൾ വിഷുവിനെ വരവേൽക്കുന്നത്. ഇത്തവണ കർശന കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളുണ്ടാകും.

സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി ഇത്തവണ മേടം രണ്ടിനാണ്‌ വിഷു. കോവിഡ്‌ മഹാമാരി തീര്‍ത്ത രണ്ട്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം വിഷു ആഘോഷിക്കാനായതിന്റെ ആവേശത്തിലാണ്‌ നാടും നഗരവും.

Signature-ad

കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത വിഷുവായതിനാൽ ഇത്തവണ കച്ചവടക്കാരും ആശ്വാസത്തിലാണ്. കണിക്കൊന്നയും കണിവെളളരിയും വാൽകണ്ണാടിയുമൊരുക്കി വിശ്വാസികൾ ഇന്ന് കണികണ്ടുണരും. സമ്പൽ സമൃദ്ധിയുടെ, ആശങ്കകൾ ഇല്ലാത്ത ഒരു നല്ല നാളേയാണ് മലയാളികളുടെ മനസിൽ ഇത്തവണ വിഷു നിറക്കുന്നത്.

വിഷുവിനോട്‌ അനുബന്ധിച്ച്‌ വ്യാപാര സ്‌ഥാപനങ്ങളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ വന്‍ ജനപ്രവാഹമായിരുന്നു ഇന്നലെ. പലചരക്ക്‌, പച്ചക്കറി കടകളില്‍ രാവിലെ മുതല്‍ അനുഭവപ്പെട്ട തിരക്ക്‌ വൈകിട്ടും തുടര്‍ന്നു. ഒട്ടുമിക്ക സാധനങ്ങള്‍ക്കും മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച്‌ ഇരട്ടിയിലധികമായിരുന്നു വില. പഴം, പച്ചക്കറി എന്നിവയ്‌ക്കും അസാധാരണമായ വിലക്കയറ്റമാണ്‌ ഇത്തവണയുണ്ടായത്‌.

കണിയൊരുക്കാനായി കണിക്കൊന്ന പൂക്കള്‍ വില്‍ക്കുന്ന സംഘങ്ങളും കൃഷ്‌ണ വിഗ്രഹങ്ങളുടെ വന്‍ ശേഖരവുമായെത്തിയ ഉത്തരേന്ത്യന്‍ സംഘവും നഗരങ്ങളില്‍ സജീവമായിരുന്നു. വിഷു വിപണി ലക്ഷ്യമിട്ടെത്തിയ ഉപഭോക്‌താക്കളുടെ തിരക്ക്‌ നഗരത്തേയും സ്‌തംഭിപ്പിച്ചു. വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു പ്രധാന റോഡുകളിലെല്ലാം. പ്രതിസന്ധികള്‍ അനവധി ഉണ്ടായെങ്കിലും കണി കണ്ടും കൈനീട്ടം വാങ്ങിയും കൊടുത്തും സദ്യവട്ടമൊരുക്കിയും ആഘോഷമായി വിഷുവിനെ വരവേല്‍ക്കുന്നതിന്റെ സന്തോഷത്തിലാണ്‌ നാടും നഗരവും.

മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേർ മലയാളികള്‍ക്ക് വിഷു ആശംസ നേർന്നു.
”വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെ” എന്നായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ.
”ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരുമയുടേയും കൈനീട്ടം നൽകി വിഷു നമ്മെ അനുഗ്രഹിക്കട്ടെ…”
എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസിച്ചു.

Back to top button
error: