BusinessTRENDING

പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ന്യൂഡല്‍ഹി: പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഫയലിംഗുകള്‍ 2014-15 വര്‍ഷത്തെ 42,763 എണ്ണത്തില്‍ നിന്നും 2021-22 വര്‍ഷത്തില്‍ 66,440 എണ്ണമായി ഉയര്‍ന്നു. ബൗദ്ധിക സ്വത്തവകാശ നിയമം (ഐപിആര്‍) സര്‍ക്കാര്‍ ശക്തിപ്പെടുത്തിയതാണ് ഈ വര്‍ധനവിന് കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

2014-15 ലെ 5,978 പേറ്റന്റുകള്‍ക്ക് അനുമതി നല്‍കിയിടത്തു നിന്നും 2021-22 ല്‍ 30,074 പേറ്റന്റുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. പേറ്റന്റ് പരിശോധനയ്ക്ക് 72 മാസം വേണ്ടിയിരുന്നത് ഇപ്പോള്‍ അഞ്ചു മുതല്‍ 23 മാസം വരെയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍  അന്താരാഷ്ട്ര പേറ്റന്റ് ഫയലിംഗിന്റെ എണ്ണത്തെ മറികടന്നുവെന്നും മന്ത്രാലയം പറഞ്ഞു. ആകെ സമര്‍പ്പിച്ച 19,796 പേറ്റന്റ് അപേക്ഷകളില്‍ 10,706 എണ്ണം ഇന്ത്യന്‍ അപേക്ഷകളും 9,090 എണ്ണം ഇന്ത്യന്‍ ഇതര അപേക്ഷകളുമാണ്.

വ്യവസായം, ആഭ്യന്തര വ്യാപാരം എന്നിവയുടെ പ്രോത്സാഹനത്തിനായി വകുപ്പും (ഡിപിഐഐടി), ഐപി ഓഫീസും നടത്തുന്ന ഏകോപിത ശ്രമങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. ഈ ശ്രമങ്ങള്‍ ഒരു വശത്ത് ഐപിആര്‍ ഫയലിംഗുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും മറുവശത്ത്, പേറ്റന്റ് അപേക്ഷകളുടെ മുടക്കം കുറയ്ക്കുന്നതിനും കാരണമായി.

Back to top button
error: