ട്രിച്ചി: ശ്രീലങ്കയിലെ ജാഫ്‌ന ഉപദ്വീപ് സ്വദേശിയാണ് ആർ. മഹേന്ദ്രൻ. കുറ്റകൃത്യങ്ങൾ ചെയ്ത വിദേശപൗരന്മാരെ പാർപ്പിക്കുന്ന ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിൽ തടവിലാണ് അദ്ദേഹം. എന്നാൽ, ജയിലിൽ കഴിയുന്ന കാലം വെറുതെ ഇരിക്കാതെ വൃക്ഷത്തൈകൾ നട്ടുവളർത്തുകയും വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു അദ്ദേഹം. ഇത് വരെ 30,000 തൈകൾ നട്ടുപിടിപ്പിക്കാനും ആറുലക്ഷം വിത്തുകൾ ശേഖരിക്കാനും അദ്ദേഹത്തിനായി. ‘തണ്ണീർ’ എന്ന സാമൂഹിക സേവന സംഘടന തിങ്കളാഴ്ച സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീലങ്കൻ അഭയാർത്ഥിയുടെ ആറ് വർഷം നീണ്ടുനിന്ന ഈ അതുല്യസേവനം ലോകമറിയുന്നത്.
1990 -ൽ ശ്രീലങ്കയിൽ വംശഹത്യ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അമ്മയ്ക്കും അച്ഛനുമൊപ്പം അദ്ദേഹം അഭയാർത്ഥിയായി തമിഴ്‌നാട്ടിലെത്തി. പിന്നീടുള്ള കാലം വെല്ലൂർ, ചെന്നൈ, ഗുമ്മിഡിപൂണ്ടി എന്നിവിടങ്ങളിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ താമസിച്ചു. കുടുംബത്തിന്റെ താങ്ങും തണലുമായ അദ്ദേഹം തുണിക്കച്ചവടം നടത്തിയാണ് കുടുംബത്തെ പോറ്റിയത്. എന്നാൽ, 2014 -ൽ കന്യാകുമാരിയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ച മഹേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന്, നാഗർകോവിൽ ബ്രാഞ്ച് ജയിലിൽ അടച്ചു. പോരാത്തതിന്, ജയിലിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാമനാഥപുരം ജില്ലയിൽ നിന്ന് ന്യൂസിലാൻഡിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ച് 48 -കാരനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. ട്രിച്ചി സെൻട്രൽ ജയിലിലെ പ്രത്യേക അഭയാർഥി ക്യാമ്പിലാണ് മഹേന്ദ്രൻ ഇപ്പോൾ കഴിയുന്നത്. നിയമപോരാട്ടത്തിന്റെ നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം, രണ്ട് കേസുകളിലും അദ്ദേഹം കുറ്റവിമുക്തനായി.
ചെറുപ്പം മുതലേ പൂന്തോട്ടപരിപാലനത്തിൽ അതീവതൽപരനായിരുന്നു മഹേന്ദ്രൻ. ജയിലിൽ കഴിയുന്ന സമയത്താണ് അദ്ദേഹം തൈകൾ വളർത്താൻ തുടങ്ങിയത്. ഇതുവരെ അത്തി, മാവ്, നാരങ്ങ എന്നിവയുടെ 2000 തൈകൾ മഹേന്ദ്രൻ ആളുകൾക്ക് വിതരണം ചെയ്തു. ജയിലിൽ കിടന്നിട്ടും തൈകൾ നട്ടുവളർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ തണ്ണീർ വർക്കിങ് പ്രസിഡന്റ് കെ.സി. നീലമേഗം അഭിനന്ദിച്ചു. “ജയിലിൽ കഴിയുമ്പോഴും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അദ്ദേഹത്തിന്റെ സമർപ്പണമാണ് ഇത് സൂചിപ്പിക്കുന്നത്” നീലമേഗം പറഞ്ഞു. “എന്നെ വിട്ടയച്ചാലും, ഇന്ത്യയിലോ, ശ്രീലങ്കയിലോ എവിടെയായിരുന്നാലും പ്രകൃതിയോടുള്ള എന്റെ പ്രതിബന്ധത ഞാൻ മറക്കില്ല. ഈ സംരംഭം ഞാൻ തുടരും. കാരണം എന്റെ കുട്ടിക്കാലം മുതൽ ഞാൻ എന്റെ ജീവിതം മരങ്ങൾക്കായി സമർപ്പിച്ചു” അദ്ദേഹം പറഞ്ഞു.
അദ്ദേഹം വിതരണം ചെയ്ത തൈകളും, വിത്തുകളും ട്രിച്ചിയിൽ മാത്രമല്ല കടലൂർ, അരിയല്ലൂർ, പേരാമ്പലൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. വിവാഹം, ജന്മദിനം തുടങ്ങിയ ചടങ്ങുകളിൽ അതിഥികൾക്ക് വൃക്ഷത്തൈകൾ സമ്മാനിക്കുന്നതിൽ താൽപ്പര്യമുള്ളവർ അദ്ദേഹത്തിൽ നിന്ന് തൈകൾ വാങ്ങുന്നതിനായി ജയിലിൽ എത്തുന്നു. “എന്റെ ജീവിതകാലത്ത് ലോകമെമ്പാടും രണ്ട് കോടി വൃക്ഷത്തൈകൾ നടുക എന്നതാണ് എന്റെ ലക്ഷ്യം. എന്റെ കുറ്റങ്ങളിൽ നിന്ന് ഞാൻ കുറ്റവിമുക്തനാക്കിയതിന് ശേഷവും എന്നെ ജയിലിൽ അടയ്ക്കുന്നത് ഏത് വിധത്തിലാണ് ന്യായം? എന്റെ ഹരിത പ്രവർത്തനം തുടരുന്നതിന്, കേന്ദ്രവും സംസ്ഥാന സർക്കാരുകളും അനുകമ്പയുടെ അടിസ്ഥാനത്തിൽ എന്നെ മോചിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു” മഹേന്ദ്രൻ പറഞ്ഞു.