NEWS

മന്ത്രി വി ശിവന്‍കുട്ടിയും വത്സൻ തില്ലങ്കേരിയും ഒന്നിച്ചു യാത്ര നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം;കെ വി തോമസ് പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തതിന്റെ ചൊരുക്കെന്ന്  സിപിഐഎം സൈബർ ടീം

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ സമീപത്ത് ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരിക്കുന്ന ഫോട്ടോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ശിവന്‍കുട്ടി വത്സന്റെ കൂടെ യാത്ര നടത്തിയെന്ന തരത്തിൽ ഈ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണവും കൊഴുത്തു.ഇതിനു പിന്നിൽ ഏറെയും കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രൊഫൈലുകളായിരുന്നു.അതേസമയം ഇതിനെതിരെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സിപിഎം സൈബര്‍ ടീം.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പത്താം തീയതി വിമാനത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയതായിരുന്നു, വി.ശിവന്‍കുട്ടിയും സജി ചെറിയാനും അടക്കമുള്ള നേതാക്കള്‍.വിമാനം ഇറങ്ങി ടെര്‍മിനലിലേയ്ക്ക് യാത്രക്കാരെ കൊണ്ട് വരുന്ന പാസഞ്ചര്‍ ബസിലാണ് ശിവന്‍കുട്ടിയുടെ അടുത്ത്, ഒഴിഞ്ഞ് കിടന്ന സീറ്റില്‍ അതേ വിമാനത്തിൽ എത്തിയ വത്സന്‍ തില്ലങ്കേരി വന്നിരുന്നത്.ശേഷം പേര് പറഞ്ഞ് പരിചയപ്പെടുത്തി.അതിനോട് തല കുലുക്കി പ്രതികരിച്ച ശേഷം ശിവന്‍കുട്ടി മറ്റ് ശ്രദ്ധയിലേക്ക് നീങ്ങി.

 

 

ഇതിനിടെയാണ് വത്സൻ തില്ലങ്കേരിയുടെ പേഴ്‌സണല്‍ സ്റ്റാഫിൽ ആരോ ഈ ഫോട്ടോ പകര്‍ത്തിയത്.പിന്നാലെ ശിവന്‍കുട്ടിക്കൊപ്പം ആര്‍എസ്‌എസ് നേതാവ് എന്ന തലക്കെട്ടോടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.ഏറെയും കോണ്‍ഗ്രസ് ലീഗ് പ്രൊഫൈലുകളായിരുന്നു ഇതിന് പിന്നിൽ.എന്നാല്‍, ഫോട്ടോയെ കുറിച്ച്‌ മന്ത്രിയോ വത്സന്‍ തില്ലങ്കേരിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

അതേസമയം ഒരു പൊതു ഗതാഗത സംവിധാനത്തിൽ രണ്ടു വിത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഒരേ സീറ്റിലിരുന്നതു പോലും ഇത്രയും ആഘോഷിക്കത്തക്ക രീതിയിലേക്ക് കോൺഗ്രസ് അധഃപതിച്ചോ എന്നാണ് സിപിഎം സൈബർ ടീമിന്റെ ചോദ്യം.ഈ സമയം കൊണ്ട് സ്വന്തം പാർട്ടിയിലെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിക്കാമായിരുന്നില്ലേ എന്നും അവർ ചോദിക്കുന്നു.കെ വി തോമസ് സിപിഐഎം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തതിന്റെ ചൊരുക്കാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

Back to top button
error: