KeralaNEWS

ഷെജിൻ- ജ്യോത്സന വിവാഹം ലൗ ജിഹാദ് എന്ന് പ്രചരണം, ദമ്പതികളെ തള്ളിപ്പറഞ്ഞ് സി.പി.എം

കോഴിക്കോട്: വിവാദം സൃഷ്ടിച്ച ഷെജിൻ- ജ്യോത്സന വിവാഹം ലൗ ജിഹാദല്ലെന്ന് ദമ്പതികൾ. ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ പറയുന്നു.

ഇതര മതത്തിൽപെട്ട കോടഞ്ചേരി സ്വദേശികളായ ഷെജിൻ – ജോത്സന വിവാഹം ലൗ ജിഹാദ് ആണെന്ന് പ്രചരണം ഉണ്ടായിരുന്നു.
ജ്യോത്സനയെ കാണാനില്ലെന്നും എവിടെയോ തടഞ്ഞുവച്ചിരിക്കുന്നു എന്നും ആരോപിച്ച് ക്രിസ്ത്രീയസമുദായ പ്രതിനിധികളടക്കം പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജ്യോത്സനയുടെ പിതാവ് പോലീസിൽ പരാതിയും നൽകിയിരുന്നു.
എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും പറഞ്ഞു ജ്യോത്സന പിന്നീട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആണ് ഷെജിൻ. പൊലീസ് യാതൊരു സഹായം നൽകിയില്ലെന്നും ദമ്പതികൾ പറയുന്നു.

ഇതിനിടെ സി.പി.എം നേതൃത്വം ഇവര്‍ക്കെതിരെ രംഗത്തുവന്നു. പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസിൻ്റെ പ്രസ്ഥാവനയിൽ ഷെജിനെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്:

”സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാൽ കന്യാസ്ത്രീകൾ അടക്കം മുന്നൂറിലേറെ പേർ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഡി.വൈ.എഫ്.ഐക്കാരൻ നേതാവ് ധൈര്യമുണ്ടെങ്കിൽ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.
വിവാഹത്തിന് സി.പി.എം മുൻകൈയെടുത്തു, പാർട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണങ്ങൾ. ഷെജിൻ പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായതിനാൽ പാർട്ടിയെ ആളുകൾ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയെയും സർക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പടക്കമുള്ളവർ ഉറച്ച നിലപാടെടുത്ത് മുന്നോട്ട് വന്നു. ഈ ഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്.
ഇത് ലൗ ജിഹാദാണെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്.
രണ്ട് സമുദായങ്ങളിൽ തമ്മിൽ കലാപമോ ശത്രുതയോ ഉണ്ടാക്കാൻ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ പാർട്ടിയോട് ആലോചിച്ച് പാർട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാൻ. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും.”

ഇതിനാടെ ജോർജ് എം തോമസിന്‍റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബലറാം രംഗത്തു വന്നു.

ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്എന്നാണ് വി.ടി ബലറാം ചോദിക്കുന്നത്. സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുകയാണ് തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ് എന്ന് ബലറാം പറയുന്നു.

Back to top button
error: