CrimeKeralaNEWS

ചോദ്യം ചെയ്യലിനായി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്. നാളെ കാവ്യ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന. സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്.

സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.

ഇന്നലെയാണു കാവ്യയോടു നേരിട്ടു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നത്. ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: