CrimeNEWS

മാതാപിതാക്കളെ നടുറോഡിലിട്ട് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് മാവിൻ തൈ നടുന്നതിനെ ചൊല്ലിയുണ്ടായ തർക്കം, ഒടുവിൽ ആ മകൻ കീഴടങ്ങി

തൃശൂര്‍: ജന്മം നൽകിയ മാതാപിതാക്കളെ നടുറോഡിലിട്ട് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ മകന്‍ ഒടുവിൽ കീഴടങ്ങി. വീട്ടുമുറ്റത്ത് മാവിൻ തൈ നടുന്നതുമായുണ്ടായ തർക്കത്തെത്തുടർനാണ് അമ്മയെയും അച്ഛനെയും തൂമ്പകൊണ്ട് അടിച്ചും നടുറോഡിലൂടെ ഓടിച്ച് വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്.

മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ അനീഷ്(38) ആണ് അറസ്റ്റിലായത്. അനീഷ് ഇന്ന് പുലർച്ചെ തൃശ്ശൂർ കമ്മീഷണർ ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് അനീഷ് അച്ഛൻ സുബ്രഹ്മണ്യനേയും (68) അമ്മ ചന്ദ്രികയേയും (63) കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീടാണ് കീഴടങ്ങലും അറസ്റ്റും.

നാളുകളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്

രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിൻതൈ നട്ടു. അതു കണ്ട അനീഷ് ദേഷ്യപ്പെട്ട് വന്ന് അത് പറിച്ചെറിഞ്ഞു. ഇതേച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാൻ അച്ഛൻ സുബ്രഹ്മണ്യനും മുറ്റത്തെത്തി. ഇതോടെ ക്രുദ്ധനായ അനീഷ് അവിടെ കിടന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. സുബ്രഹ്മണ്യനും ചന്ദ്രികയും പ്രാണരക്ഷാർഥം റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടിൽ കയറി വലിയ വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടർന്നു. റോഡിലൂടെ ഓടുകയായിരുന്ന ഇരുവരെയും പിന്നാലെ എത്തി വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടുണ്ട്. ഇരുവരും സംഭവസ്ഥലത്ത് വച്ചേ മരിച്ചു. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു സംഭവം.

മരണം ഉറപ്പാക്കിയ അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടിൽ കയറി ഷർട്ടിട്ട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. വീടിന് സമീപത്തെ കാട്ടിലേക്കാണ് അനീഷ് പോയത്. പോലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചിരുന്നു.
ടാപ്പിങ് തൊഴിലാളികളാണ് സുബ്രഹ്മണ്യനും ചന്ദ്രികയും. ബിരുദപഠനത്തിനുശേഷം കുറേവർഷം അനീഷ് വിദേശത്തായിരുന്നു. തിരിച്ചെത്തിയത് അഞ്ചുവർഷംമുമ്പാണ്. അതിനുശേഷം ഡ്രൈവറായി ജോലിചെയ്തു. സ്വന്തമായി ടാക്സി സർവ്വീസ് നടത്തിയിരുന്നു. സംഭവം നടക്കുമ്പോൾ സുബ്രഹ്മണ്യന്റെയും ചന്ദ്രികയുടെയും മകൾ അഡ്വ. ആശ വീട്ടിലുണ്ടായിരുന്നു.

Back to top button
error: