IndiaNEWS

ആഗ്രഹമുണ്ടായിരുന്നു പക്ഷേ സോണിയാ ഗാന്ധി തടഞ്ഞു- തരൂർ, കെ.വി തോമസിനെ തിരുതതോമസെന്ന് വിളിച്ചത് സ്വന്തം നാട്ടുകാരും അച്യുതാനന്ദനുമെന്നും തോമസിൻ്റെ ആസ്തി അന്വേഷിക്കുന്നമെന്നും കെ.സുധാകരൻ

ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു.

“വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ, അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ പാര്‍ട്ടി അംഗമായതുകൊണ്ട് പാര്‍ട്ടി അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല.”
തരൂര്‍ പറഞ്ഞു.

അതേസമയം കെ.വി തോമസ് വിഷയത്തിൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കെ റെയിലിൽ കെ.വി തോമസിന്റെ നിലപാട് വിവരമില്ലായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് അദ്ദേഹം. ഈ വിഷയത്തിൽ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ചത് രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയാണ്. ​ഗുതുതര അച്ചടക്ക ലംഘനമാണ് നടത്തിയത്. പാർട്ടി പ്രവർത്തകരുടെ വികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് നടപടി. അധികാര മോ​ഹിയായ കെ.വി തോമസ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്നും സുധാകരൻ വിമർശിച്ചു.

സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമസെന്ന് അദ്ദേഹത്തെ വിളിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു. നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്. എന്നാൽ എഐസിസി അംഗമായതിനാൽ തോമസിനെതിരായ നടപടി ഹൈക്കമാൻഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് കെപിസിസി പന്ത് ദില്ലിക്ക് തട്ടിയത്.

Back to top button
error: