PravasiTRENDING

ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല

മലയാളികളായ പ്രവാസികൾ ഏറെയുള്ള ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് യു.ജി.സി. യുടെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് സർവ്വകലാശാല ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

പ്രോ-വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളടങ്ങിയ ഒരു പ്രതിനിധി സംഘം നേരത്തെ ഖത്തർ സന്ദർശിച്ച് അധികൃതരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള സംസ്ഥാന സർവ്വകലാശാലകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ കൂടാതെ പൂണെ സർവ്വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തർ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്.

പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും അതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പരീക്ഷാ ഫലം പ്രിസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് 250 രൂപ ഫീസടച്ചാൽ ഉത്തരക്കടലാസിന്റെ ഇ-കോപ്പി ഇ-മെയിലിൽ ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകും.

Back to top button
error: